
എല്ലാ വർഷവും ഒക്ടോബർ 16, ലോക രാജ്യങ്ങൾ ലോക ഭക്ഷ്യ ദിനം (World Food Day) ആചരിക്കുന്നു. പോഷകാഹാരത്തിൻ്റെ ലഭ്യത, സുസ്ഥിരമായ ഭക്ഷ്യ ഉൽപ്പാദനം, വിശപ്പകറ്റേണ്ടതിൻ്റെ പ്രാധാന്യം, എന്നിവയെക്കുറിച്ച് പൊതു സമൂഹത്തിന് അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടന (FAO) രൂപീകരിച്ചതിൻ്റെ വാർഷികം ദിനം കൂടിയാണ് ഇത്. ലോക ഭക്ഷ്യ ദിനത്തിലൂടെ ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ആഗോള സമൂഹം മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം.
വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ പ്രവർത്തനങ്ങൾ ലോകമെമ്പാടും ശക്തിപ്പെടുത്താനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. "എല്ലാവർക്കും ഭക്ഷണം" എന്നതാണ് ഭക്ഷ്യ-കാർഷിക സംഘടനയുടെ മുദ്രാവാക്യം. നമ്മുടെ ഭൂമിയിൽ രണ്ടു തരം മനുഷ്യരുണ്ട്, ഒരുനേരത്തെ ഭക്ഷണം പോലും ഇല്ലാതെ വലയുന്ന മനുഷ്യരും, ഭക്ഷണം വലിച്ചെറിയുന്നവരും. ഈ ലോകത്ത് ഒരു വിഭാഗം ആളുകൾക്ക് ആവശ്യത്തിലധികം ഭക്ഷണം ലഭിക്കുകയും അത് പാഴാക്കി കളയുന്നു. എന്നാൽ മറുവശത്ത് ലക്ഷക്കണക്കിന് മനുഷ്യർ, പ്രത്യേകിച്ച് കുട്ടികൾ, ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നു. ഈ അനീതിയും അസമത്വവും അവസാനിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ലോക ഭക്ഷ്യ ദിനം ഓർമ്മപ്പെടുത്തുന്നു.
നമ്മുടെ ഭൂമിയുടെ ഒരു വശത്ത് ഏകദേശം 673 ദശലക്ഷം മനുഷ്യർ പട്ടിണി കിടക്കുന്നു, എന്നാൽ മറ്റൊരു വശത്ത് പൊണ്ണത്തടിയും വ്യാപകമായ ഭക്ഷ്യ മാലിന്യവും. ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് മൊത്തം ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങൾ. പതിനേഴ് കോടിയോളം പട്ടിണി പാവങ്ങൾ വസിക്കുന്ന രാജ്യമാണ് ഇന്ത്യ, എന്നാൽ നമ്മുടെ രാജ്യം പ്രതിവർഷം 78 ദശലക്ഷം ടൺ ഭക്ഷണം പാഴാക്കുന്നു.
ദിനാചരണത്തിന്റെ പ്രാധാന്യം
പോഷകാഹാരക്കുറവ്, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളെ കുറിച്ച് ചിന്തിക്കാനും, അതിനെതിരെ പ്രവർത്തിക്കാനും വേണ്ടിയുള്ള ആഹ്വാനമാണ് ലോക ഭക്ഷ്യ ദിനം. കാലാവസ്ഥാ വ്യതിയാനം, യുദ്ധങ്ങൾ, സാമ്പത്തിക അസമത്വം എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ ലോകത്തിൽ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുന്നു. സുസ്ഥിര കാർഷിക വിളകൾ പ്രോത്സാഹിപ്പിക്കുക, ഭക്ഷണം പാഴാക്കൽ കുറയ്ക്കുക, പ്രാദേശിക കർഷകരെ പിന്തുണയ്ക്കുക എന്നിവയിലാണ് ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നമ്മുക്ക് എന്ത് ചെയുവാൻ സാധിക്കും
പട്ടിണി രഹിതമായ ഒരു ലോകത്തിന് വേണ്ടി നമുക്കോരോരുത്തർക്കും നമ്മുടെ പങ്ക് നിർവ്വഹിക്കാൻ സാധിക്കുന്നതാണ്. കഴിക്കുന്ന ഭക്ഷണം പാഴാക്കാതിരിക്കുക, വീട്ടുവളപ്പിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണം ശൈലി, എന്നിവയെല്ലാം ഈ ദിനാചരണത്തിൻ്റെ സന്ദേശം ജീവിതത്തിൽ പകർത്തുന്നതിന് തുല്യമാണ്. മറ്റുള്ളവർക്ക് ഭക്ഷണം നൽകാനുള്ള സന്നദ്ധതയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ പങ്കാളിയാക്കുക, എന്നിവയാണ് ലോക ഭക്ഷ്യദിനം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ സംഭാവന.