
ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനം എന്ന് കേൾക്കുമ്പോൾ പലർക്കും തോന്നുന്നത് മരങ്ങൾ നട്ടുപിടിപ്പിക്കാൻ വേണ്ടിയുള്ള ദിനം എന്നാണ്. എന്നാൽ അങ്ങനെയല്ല, വളർന്നു വരുന്ന തലമുറയെ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറിച്ച് ബോധവാന്മാർ ആകുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരികുവാൻ ആരംഭിക്കുന്നത്. (World Environment Day)
ആഗോളജനത നിലവിൽ ആഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പരിസ്ഥിതി മലിനീകരണം. മാനുഷിക ഇടപെടലുകൾ കൊണ്ട് മാത്രമാണ് നമ്മുടെ പരിസ്ഥിതി മലിനമുക്കുന്നത്. അറിഞ്ഞോ അറിയാതയോ നാം ചെയ്യുന്ന പല പ്രവർത്തികളും പരിസ്ഥിതിയിൽ ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിക്കുന്നു.
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം 'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക' എന്നതാണ്. ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ ഏറ്റവും അധികം കാണപ്പെടുന്ന വസ്തു പ്ലാസ്റ്റിക്കായി തീർന്നിരിക്കുന്നു. എങ്ങും പ്ലാസ്റ്റിക് വസ്തുകൾ മാത്രം. ഇവയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ശേഷം നിസാരമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വസ്തുകളാണ്. നിസ്സാരം എന്ന് കരുതി വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക്കും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ജീവൻ അപഹരികുവാൻ പോന്ന പ്രഹരശേഷിയുണ്ട്. നഗരങ്ങളിലോ ഗ്രാമങ്ങളിലോ വേറിട്ട് പറയാനാവാത്തവിധം എല്ലായിടത്തും പ്ലാസ്റ്റിക് വസ്തുക്കൾ. ഏറ്റവും വലിയ പ്രശ്നം അവ ഉപയോഗിച്ച ശേഷം നിസാരമായി വലിച്ചെറിയുന്ന എന്നതാണ്. മണ്ണിനെയും ജലത്തെയും വായുവിനെയും ഈ പ്ലാസ്റ്റിക് കടുത്ത രീതിയിൽ മലിനമാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങൾ അറിയാവുന്ന ആധുനിക ജനത പലപ്പോഴും പലതും കണ്ടില്ല എന്ന് നടിക്കുന്നു. കടന്നു പോകുന്ന ഓരോ പരിസ്ഥിതി ദിനവും, ഇനി നാം എങ്ങനെ ജീവിക്കണം? പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കണം? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു. ലോക പരിസ്ഥിതി ദിനം എന്നത് വെറും ഒരു ദിനാചരണമല്ല, മറിച്ച് നമ്മുടെ ഭൂമിക്ക് വേണ്ടി കൈകൊടുക്കേണ്ട ഒരു പ്രതിജ്ഞയാണ്.