
സമൂഹത്തിലായാലും കുടുംബത്തിലായാലും ഏറ്റവും കരുതലും ശ്രദ്ധയും ലഭിക്കേണ്ടത് കുട്ടികൾക്കാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. ഏറെ കരുതലോടെ വേണം ഓരോ കുരുന്നിനെയും നാം പരിപാലിക്കേണ്ടത്. ഇന്നും നമ്മുടെ സമൂഹത്തിൽ കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ ഏറെയാണ്. കുട്ടികളുടെ സംരക്ഷണം നമ്മൾ ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. പാഠപുസ്തകം കൈയിലെടുക്കേണ്ട കുഞ്ഞു കരങ്ങൾ പണിആയുധങ്ങൾ കൈയിലെടുക്കുന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ കാഴ്ച.
ഇന്ന് ജൂൺ 12, ലോക ബാലവേല വിരുദ്ധ ദിനം (World Day Against Child Labour). ബാലവേലയ്ക്ക് എതിരായി ബോധവത്കരണം നടത്തുന്നതിനായി ലോകമെമ്പാടും ജൂൺ 12 ന് ലോക ബാലവേല വിരുദ്ധ ദിനമായ ആചരിക്കുന്നു. കുട്ടികളുടെ വളര്‍ച്ചാ കാലഘട്ടത്തെയും അവര്‍ക്ക് ലഭിക്കേണ്ട പ്രാഥമിക വിദ്യാഭ്യാസത്തെയും നിഷേധിക്കുകയും അതുവഴി അവരുടെ മാനസികവും ശാരീരികവും സാമൂഹ്യവും ധാര്‍മികവുമായ വളര്‍ച്ചക്ക് ദോഷകരമായ രീതിയില്‍ അവരെ ഏതെങ്കിലും തരത്തിലുള്ള ജോലികളില്‍ നിര്‍ബന്ധപൂര്‍വം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനെയാണ് ബാലവേല.
ശരാശരി കണക്കെടുത്താൽ ഓരോ പത്തു കുട്ടികളിലും ഒരു കുട്ടി ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) ആഭിമുഖ്യത്തിൽ 2002 മുതലാണ് ലോക ബാലവേല വിരുദ്ധ ദിനാചരണം ആചരിച്ചു തുടങ്ങിയത്. ബാലവേല നിർമ്മാർജ്ജനത്തിലൂടെ തൊഴിൽ മേഖലയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക മാത്രമല്ല ഐഎൽഒ ചെയ്യുന്നത്, കുരുന്നുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മറ്റു സംഘടനകളെയും ഇത് ഏകോപിക്കുന്നു. 2025 ആകുമ്പോഴേക്കും ലോകത്ത് നിന്ന് ബാലവേല എല്ലാ അർത്ഥത്തിലും ഉന്മൂലനം ചെയ്യുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ എട്ടാമത്തേത്.
2000 മുതൽ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, ബാലവേല കുറയ്ക്കുന്നതിൽ ലോകം സ്ഥിരമായ പുരോഗതി കൈവരിച്ചുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആഭ്യന്തര സംഘർഷങ്ങൾ, യുദ്ധങ്ങൾ, COVID-19 ന്റെ വ്യാപനം, എന്നിവ കൂടുതൽ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു, ഇത് ദശലക്ഷക്കണക്കിന് കുട്ടികളെ ബാലവേലയിലേക്ക് വലിച്ചിഴച്ചു. 160 ദശലക്ഷം കുട്ടികൾ ഇപ്പോഴും ബാലവേലയിൽ ഏർപ്പെടുന്നു. ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളുടെ ശതമാനത്തിൽ ആഫ്രിക്കയാണ് മുന്നിൽ. ഇവിടെ അഞ്ചിലൊന്ന് കുട്ടികളും ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നു. 72 ദശലക്ഷം കുഞ്ഞുങ്ങളാണ് ആഫ്രിക്കയിൽ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നത്. ദാരിദ്ര്യനിർമ്മാർജ്ജനം, സാമൂഹിക സുരക്ഷിതത്വം, വിദ്യാഭ്യാസ അവസര അസമത്വം, ജനസംഖ്യ വിസ്ഫോടനം, തുടങ്ങിയ സങ്കീർണങ്ങളായ മറ്റ് സാമൂഹിക രാഷ്ട്രീയ എന്നീ സാമ്പത്തിക വിഷയങ്ങളുമായി ഇഴുകി ചേർന്നിരിക്കുന്നു ബാലവേല നിർമ്മാർജനവും. ബാലവേലയുടെ കാര്യത്തിൽ തികച്ചും വേദനാജനകമായ അവസ്ഥയാണ് നമ്മുടെ രാജ്യത്തുള്ളത്.
കുട്ടികളെ ബാലവേലക്കു വിധയമാക്കുന്നവർക്ക് എതിരെ കടുത്ത ശിക്ഷാനടപടികളാണ് നമ്മുടെ രാജ്യത്ത് കൈകൊള്ളാറുള്ളത്. ഓരോ കുട്ടിക്കും സമൂഹത്തിൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിനൽക്കുക, കുട്ടികൾ ചുഷണങ്ങൾക്ക് വിധേയം ആകുന്നില്ല എന്നും ഉറപ്പേകേണ്ടതാണ്. നിയമം മൂലം ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകളിലും തെരുവുകളിലും ഭിക്ഷാടനം ചെയ്യുന്ന, ഹോട്ടലുകളിൽ പാത്രം കഴുകുന്നത്, കെട്ടിട നിർമ്മാണ മേഖലയിൽ പണിയെടുക്കാൻ നിർബന്ധിതരാകുന്ന കുട്ടികൾ ഏറെയാണ്. ഇതിൽ ഭൂരിഭാഗം കുട്ടികളും ഇതിൽ അകപെട്ടുപോകുന്നവരാണ്. ഓരോ ദിവസവും ജീവിതം തള്ളി നീക്കുവാൻ വേണ്ടി ഏതെങ്കിലും തൊഴിലിൽ കുട്ടികൾ ഏർപ്പെടുന്നു. 2011 ലെ സെൻസസ് പ്രകാരം, ഇന്ത്യയിൽ ഏകദേശം 25.96 കോടി കുട്ടികൾ തൊഴിൽ മേഖലയിൽ ഏർപ്പെട്ടിട്ടുള്ളത്. ഇവരിൽ 50 ലക്ഷം ആൺകുട്ടികളും, 45 ലക്ഷം പെൺകുട്ടികളുമാണ്.