സാൻ അന്റോണിയോ : സാൻ അന്റോണിയോ റിവർ വാക്ക് ബോട്ടിൽ വെച്ച് യുവതിയുടെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ കൊച്ചുകുട്ടിയടക്കം ഇന്ത്യൻ കുടുംബത്തിൽ പെട്ടവർക്ക് പരിക്ക്. ടെക്സസിലെ സാൻ അന്റോണിയോയിൽ നവംബർ 15 ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് അപ്രതീക്ഷിത ആക്രമണം നടന്നത്. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.(Woman's pepper spray attack against 8 people, including a child in Texas)
റിപ്പോർട്ടുകൾ പ്രകാരം, ഒരു സ്ത്രീയുടെ ഫോണിലെ ശബ്ദം കുറയ്ക്കാൻ ബോട്ട് ഓപ്പറേറ്റർ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ബോട്ട് ഓപ്പറേറ്റർ ഫോൺ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതയായ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് അവരെ ബോട്ടിൽ നിന്നും ഇറങ്ങാൻ അനുവദിച്ചു.
ബോട്ടിൽ നിന്നിറങ്ങിയ ശേഷം സ്ത്രീ യാത്രക്കാർക്ക് നേരെ അക്രോശിക്കുകയും അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ പാലത്തിലേക്ക് നടന്ന യുവതി, ബാഗിൽ നിന്നും പെപ്പർ സ്പ്രേ എടുത്ത് യാത്രക്കാർക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഒരു കൊച്ചുകുട്ടി ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്ന എട്ട് പേർക്ക് പരിക്കേറ്റു.
പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന് തൊട്ടുമുമ്പായി യുവതി യാത്രക്കാരോട് അക്രോശിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ആക്രമണത്തിന് ശേഷം യുവതി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും പോയി. സംഭവത്തിൽ സാൻ അന്റോണിയോ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ പരാതി നൽകിയിട്ടുണ്ട്.