സോൾ : പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടെ ഫ്ലെയിം ത്രോവർ ഉപയോഗിച്ചതിനെ തുടർന്ന് കെട്ടിടത്തിന് തീയിട്ട യുവതിക്കെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കി. ഈ യുവതി താമസിച്ചിരുന്ന കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച അയൽവാസി മരണപ്പെട്ട പശ്ചാത്തലത്തിലാണ് 20 വയസ്സുള്ള യുവതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ദക്ഷിണ കൊറിയയിലെ വടക്കൻ നഗരമായ ഒസാനിലാണ് തിങ്കളാഴ്ച ഈ സംഭവം നടന്നത്.(Woman trying to burn cockroach sets South Korea apartment ablaze)
പാറ്റയെ കത്തിക്കാൻ യുവതി ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ഉപയോഗിച്ചു. എന്നാൽ, സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. അബദ്ധത്തിൽ തീ പടർത്തിയതിനും അശ്രദ്ധ മൂലം ഒരാൾ മരിച്ചതിനുമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വീട്ടിനുള്ളിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് അവയ്ക്ക് നേരെ തീ ജ്വാല പ്രയോഗിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഒരു 'വൈറൽ ടെക്നിക്' ആണ്.
ഒസാൻ സിറ്റിയിലുണ്ടായ അഗ്നിബാധയിൽ മരിച്ചത് ചൈനീസ് സ്വദേശിയായ 30 വയസ്സുള്ള യുവതിയാണ്. തീ പടർന്നപ്പോൾ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതി തറയിൽ വീണാണ് മരിച്ചത്. അഞ്ചാം നിലയിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവർക്ക് രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. തീ പടർന്നപ്പോൾ കുട്ടിയെ അടുത്ത ബ്ലോക്കിലെത്തിയ രക്ഷാപ്രവർത്തകർക്ക് കൈമാറാൻ യുവതിക്ക് സാധിച്ചു. ഇതിനുശേഷം ജനലിലൂടെ അടുത്ത ബ്ലോക്കിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് 30-കാരി താഴേക്ക് വീണത്. പടികളിൽ പുക നിറഞ്ഞതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് യുവതി ജനൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചത്.
ഒന്നാം നിലയിൽ വ്യാപാര സ്ഥാപനങ്ങളും ശേഷിക്കുന്ന നിലകളിലായി 32 വീടുകളുമുള്ള കെട്ടിടത്തിലാണ് 20-കാരി പാറ്റയെ പിടിക്കാനുള്ള ശ്രമത്തിനിടെ തീയിട്ടത്. കെട്ടിടത്തിലെ താമസക്കാരിൽ 8 പേർ വിഷപ്പുക ശ്വസിച്ച് ചികിത്സയിൽ കഴിയുകയാണ്.