മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ യുവതിയെ വെടിവെച്ചുകൊന്നു. കൊളറാഡോ സ്വദേശിയും കവയിത്രിയുമായ റെനി നിക്കോൾ ഗുഡ് (37) ആണ് കൊല്ലപ്പെട്ടത്. റെനി അമേരിക്കൻ പൗരത്വമുള്ള വ്യക്തിയാണെന്ന് സ്ഥിരീകരിച്ചതോടെ യുഎസ് ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.(Woman shot dead by immigration officer in US)
തന്റെ വാഹനം ഉപയോഗിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഇടിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ മൊഴി നൽകി. ഇതോടെ ഇമിഗ്രേഷൻ വകുപ്പ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ മിനിയാപൊളിസിൽ വിന്യസിച്ചിട്ടുള്ള രണ്ടായിരത്തോളം ഉദ്യോഗസ്ഥരിൽ ഒരാളാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിന് പിന്നാലെ നഗരത്തിൽ വലിയ സംഘർഷാവസ്ഥ തുടരുകയാണ്.
തന്റെ വീടിന് തൊട്ടടുത്തുവെച്ചാണ് മകൾ കൊല്ലപ്പെട്ടതെന്ന് റെനിയുടെ അമ്മ ഡോണ ഗാഞ്ചർ പറഞ്ഞു. "റെനി അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. പോലീസ് ആരോപിക്കുന്നത് പോലെ അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനെങ്കിലും എതിരെ പ്രതിഷേധിക്കുന്ന സ്വഭാവം പോലും അവൾക്കില്ലായിരുന്നു," ഡോണ പറഞ്ഞു. അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ കുറ്റവാളിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മികച്ചൊരു എഴുത്തുകാരിയും കവയിത്രിയുമായിരുന്നു കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡ്. വെർജീനിയയിലെ ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദം നേടിയ ഇവർ മികച്ച കവിതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ആറ് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് റെനി. റെനിയെ 'ഭീകരവാദി' എന്ന് വിളിച്ച് ചില ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവനകൾ ജനരോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.