
തായ്‌വാൻ: ഭാര്യയുടെ കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് വൈകാരികമായി തകർന്നെന്ന് ചൂണ്ടിക്കാട്ടി യുവാവ് നൽകിയ പരാതിയിൽ, അയാൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഭാര്യയുടെ കാമുകൻ യുവാവിന് 37 ലക്ഷം രൂപ നൽകണം എന്നാണ് തായ്‌വാൻ കോടതി വിധിച്ചത്.
'വെയ്' എന്ന് പേരുള്ള യുവാവാണ് ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം കാരണം തൻ്റെ വിവാഹബന്ധത്തിലെ അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ആദ്യം ഒരു കോടി രൂപ (ഏകദേശം 800,000 യുവാൻ) നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് വെയ് പരാതി നൽകിയത്.
ബന്ധം കണ്ടെത്തിയതും കേസിന്റെ വഴിത്തിരിവും
2006-ൽ വിവാഹിതനായ വെയ്ക്കും ഭാര്യയ്ക്കും 15 വർഷത്തോളം നല്ല ദാമ്പത്യബന്ധമാണുണ്ടായിരുന്നത്. എന്നാൽ, 2022-ൽ, വെയുടെ ഭാര്യ തൻ്റെ സഹപ്രവർത്തകനുമായി പ്രണയത്തിലായി. ഇരുവരും ഒരേ സ്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. വെയുടെ ഭാര്യ അധ്യാപികയായിരുന്നപ്പോൾ, കാമുകൻ സ്കൂളിലെ അക്കൗണ്ടിംഗ് ഡയറക്ടർ എന്ന ഉയർന്ന തസ്തികയിലായിരുന്നു.
ഇരുവരും പരസ്പരം അനുചിതമായ സന്ദേശങ്ങൾ അയക്കുകയും സ്ഥിരമായി ഹോട്ടലുകളിൽ കണ്ടുമുട്ടുകയും ചെയ്തിരുന്നതായി വെയ് പരാതിയിൽ പറയുന്നു. ചില മെസ്സേജുകളിൽ ഇരുവരും പരസ്പരം 'ഭാര്യ', 'ഭർത്താവ്' എന്ന് വരെ അഭിസംബോധന ചെയ്തിരുന്നു. 2023 നവംബറിലാണ് ഭാര്യയുടെയും കാമുകന്റെയും ടെക്സ്റ്റ് മെസ്സേജുകൾ വെയ് കണ്ടെത്തുന്നത്. ഇതിനു പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകനെതിരെ കേസ് കൊടുക്കാൻ വെയ് തീരുമാനിച്ചത്.
കോടതി വിധി
കേസ് പരിഗണിച്ച ജഡ്ജി, വെയുടെ ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം വെയുടെ ഭർത്താവെന്ന നിലയിലുള്ള അവകാശം ലംഘിച്ചെന്ന് നിരീക്ഷിച്ചു. വെയെക്കാൾ കൂടുതൽ വരുമാനം കാമുകനുണ്ട് എന്നതും നഷ്ടപരിഹാരം നൽകാനുള്ള കാരണമായി ജഡ്ജി ചൂണ്ടിക്കാട്ടി.
എങ്കിലും, വെയ് ആവശ്യപ്പെട്ട 99.7 ലക്ഷം രൂപ (800,000 യുവാൻ) നൽകേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. പകരം, കാമുകൻ വെയ്ക്ക് 37 ലക്ഷം രൂപ (300,000 യുവാൻ) നഷ്ടപരിഹാരമായി നൽകണം എന്ന് കോടതി അന്തിമമായി വിധിച്ചു.