
തുർക്കി: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഭാര്യ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് കുട്ടികളുമായി ഗാസയിൽ നിന്ന് തുർക്കിയിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. നിലവിൽ അവർ തുർക്കിയിൽ താമസിക്കുന്നുണ്ടെന്നും പുനർവിവാഹം കഴിച്ചുവെന്നും ഹീബ്രു മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
സിൻവാറിന്റെ ഭാര്യ സമർ മുഹമ്മദ് അബു സമർ, റാഫ അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോയതായി പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന്, അവർ മറ്റൊരു ഗാസൻ സ്ത്രീയുടെ പാസ്‌പോർട്ട് സ്വന്തമാക്കി തുർക്കിയിലേക്ക് കടന്നു. ഇതിനായി ഉയർന്ന തലത്തിലുള്ള സഹകരണവും പിന്തുണയും സാമ്പത്തിക സഹായവും അവർക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഫാത്തി ഹമ്മദാണ് തുർക്കിയിൽ സമറിനെ പുനർവിവാഹം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാളാണ് ഹമാസ് അംഗങ്ങളെയും കുടുംബങ്ങളെയും ഗാസയിൽ നിന്ന് പുറത്തെത്തിക്കാൻ സഹായിച്ചതെന്നും പറയപ്പെടുന്നു.
വ്യാജ പാസ്‌പോർട്ടുകൾ, മെഡിക്കൽ രേഖകൾ, പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള സഹായം എന്നിവയുൾപ്പെടെ സംഘടിപ്പിച്ചതും ഇയാളാണ്. സമർ മാത്രമല്ല, യാഹ്‌യ സിൻവാറിന്റെ സഹോദരൻ മുഹമ്മദിന്റെ വിധവയായ നജ്‌വയും ഗാസയിൽ നിന്ന് തുർക്കിയിലേക്ക് രക്ഷപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ, നജ്‌വ എവിടെയാണെന്നോ? അവർ പുനർവിവാഹം കഴിച്ചോ? എന്നതും വ്യക്തമല്ല.
സഹോദരൻ യാഹ്‌യ സിൻവാറിന്റെ മരണശേഷം മുഹമ്മദ്, ഹമാസിന്റെ ഗാസ മേധാവിയായി ചുമതലയേറ്റു. ഭർത്താക്കന്മാർ കൊല്ലപ്പെടുന്നതിന് മുമ്പ് രണ്ട് സ്ത്രീകളും റഫ വഴി രക്ഷപ്പെട്ടതായി ഒരു ഇസ്രയേലി സുരക്ഷാ സ്രോതസ്സ് സ്ഥിരീകരിച്ചു. ഒരു തുരങ്കത്തിലൂടെ സമർ രക്ഷപ്പെടുന്നതിന്റെ വീഡിയോ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. ആ സമയത്ത്, അവർ വിലയേറിയ ഹെർമിസ് ബിർകിൻ ബാഗ് കൈവശം വച്ചിരുന്നത് വാർത്തയായിരുന്നു.