
ലോകത്തെ എല്ലാ മനുഷ്യർക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്ന ഒരേയൊരു ജീവിയാണ് കൊതുക് ( Mosquitoes). ഇരുട്ട് വീണുകഴിഞ്ഞാൽ പിന്നെ പറയണ്ടല്ലോ, മൂളി പാട്ടും പാടി കൊതുകിന്റെ പട്ടാളം ഇങ്ങെത്തും. നമ്മൾ ഉണർന്നിരിക്കുന്നത് ഒന്നും അവർക്ക് പ്രശനമേയല്ല, ഇനി എങ്ങനെയൊക്കെ മൂടിപ്പുതച്ച് ഇരുന്നാലും ഒരു കൊതുക് എങ്കിലും കടിക്കാത്ത പോകില്ല എന്നതാണ് സത്യം. കൊതുകുകൾ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധികൾക്കും പഞ്ഞമില്ല. കൊതുകുകളെ കൊണ്ട് പൊറുതിമുട്ടുമ്പോൾ പലപ്പോഴും നാം ചിന്തിക്കാറുണ്ട്, കൊതുകുകൾ ഇല്ലാതെയിരുന്നു എങ്കിൽ, കൊതുകൾ ഇല്ലാത്ത എവിടേക്ക് എങ്കിലും പോയി ജീവിക്കാൻ പറ്റിയിരുന്നെവെങ്കിൽ. ഇങ്ങനെ നമ്മളിൽ പലരും ആഗ്രഹിക്കുന്നത് പോലെ നമ്മുടെ ഭൂമിയിൽ കൊതുകുകൾ ഇല്ലാത്തൊരിടമുണ്ട്. കൊതുകിന്റെ മൂളിപ്പാട്ടോ കടിയോ, എന്തിനേറെ പറയുന്നു കൊതുകുകളെ ഇല്ലത്ത് ഒരു രാജ്യമുണ്ട്. പറഞ്ഞു വരുന്നത് വടക്കൻ യൂറോപ്പിലെ ഐസ്‌ലാൻഡിനെ കുറിച്ചാണ്, കൊതുകിന്റെ ശല്യമില്ലാത്ത ഒരേയൊരു രാജ്യം. (Why Iceland Has No Mosquitoes)
പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ വരുന്ന ഐസ്‌ലാൻഡിൽ കൊതുകുകളുമില്ല. കൊതുകിനെയും പാമ്പിനെയും ഐലൻഡിൽ നിന്നും അകറ്റി നിർത്തുന്നത് ഇവിടുത്തെ കാലാവസ്ഥയും ഭൂമിശാസ്ത്രവും തന്നെയാണ്. കൊതുകുകൾക്ക് നിലനിൽക്കാൻ കെട്ടികിടക്കുന്ന വെള്ളവും സ്ഥിരമായ ചൂടുള്ള കാലാവസ്ഥയുമാണ് ആവശ്യം. ധാരാളം വെള്ളം കെട്ടിനിൽക്കുന്ന ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിലാണ് കൊതുകുകൾ പെരുകുന്നത്. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങൾ, ഉഷ്ണമേഖലാ മഴക്കാടുകളും മൺസൂണുമാണ് കൊതുകുകൾക്ക് ഏറെ പ്രിയം. എന്നാൽ ഇതൊന്നും ഐലൻഡിൽ ഇല്ലതാനും. ഐസ്‌ലാൻഡിന്റെ തണുത്ത അന്തരീക്ഷം കൊതുകുകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ പ്രയാസകരമാക്കി തീർക്കുന്നു.
എന്തുകൊണ്ടാണ് ഐസ്‌ലാൻഡിൽ കൊതുകുകൾ ഇല്ലാത്തത്
കൊതുകിന്റെ മുട്ടകൾ വിരിയാൻ സ്ഥിരമായ താപനില ആവശ്യമാണ്. എന്നാൽ ഐസ്‌ലാൻഡിന്റെ പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനങ്ങൾ കൊതുകിന്റെ മുട്ടകൾക്ക് വിരിയാൻ അനിയോജ്യമായ കാലാവസ്ഥയല്ല. ഐസ്‌ലാൻഡിനേക്കാൾ തണുപ്പുള്ള ആർട്ടിക്കിൾ മേഖലയിൽ കൊതുകുകൾ ഉണ്ട്. ഐസ്‌ലാൻഡിലെ ചൂടും തണുപ്പും ചേർന്ന കാലാവസ്ഥയാണ് കൊതുകുകളുടെ ജീവൻ ഇവിടെ ദുസ്സഹമാക്കി തീർത്തത്. ഇവിടുത്തെ ഭൂമിശാസ്ത്രമാണ് മറ്റൊരു ഘടകം, വടക്കൻ അറ്റ്ലാന്റിക്കിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമായത്ത് കൊണ്ട് തന്നെ മറ്റ് കരപ്രദേശങ്ങളിൽ നിന്ന് ഐസ്‌ലാൻഡ് ഒറ്റപ്പെട്ടിരിക്കുന്നു. ഇതിനാൽ തന്നെ സുസ്ഥിരമായ ഒരു ജനസംഖ്യ നിലനിർത്തുവാൻ കൊതുകുകൾക്ക് സാധിക്കുകയില്ല.
ഐസ്‌ലാൻഡിന് സമാനമായ കാലാവസ്ഥയുള്ള അയൽ രാജ്യങ്ങളായ നോർവേയും സ്വീഡനും കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളാണ്. ഐസ്‌ലാൻഡിലെ വെള്ളത്തിന്റെയും മണ്ണിന്റെയും പ്രത്യേക രാസഘടന കൊതുകിന്റെ പ്രജനനത്തിന് അനുയോജ്യമല്ലായിരിക്കാം എന്നും ചില ഗവേഷകർ വിശ്വസിക്കുന്നു. കൊതുകുകൾ ഇല്ലാത്ത രാജ്യം എന്ന പദവി ഏറെ വിചിത്രമാണ്. എന്നാൽ ഈ തലക്കെട്ടിനും അപ്പുറം ഒരു രാജ്യത്തിന്റെ പാരിസ്ഥിതിക സാഹചര്യങ്ങൾ അവിടുത്തെ ജൈവവൈവിധ്യത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നത് ഇത് എടുത്തുകാട്ടുന്നു.
കൊതുകുകൾ ഇല്ലാത്ത ഐസ്‌ലാൻഡിലെ രാത്രികൾ കൊതുകളുടെ മൂളിപ്പാട്ട് ഇല്ലാതെയാണ് കടന്നു പോകുന്നത്. ഐസ്‌ലാൻഡ് മാത്രമല്ല അന്റാർട്ടിക്കയിലും കൊതുകുകൾ ഇല്ല. അങ്ങോട്ടേക്ക് തിരിഞ്ഞാലും മഞ്ഞുമലകൾ മാത്രമുള്ള അന്റാർട്ടിക്കയിൽ കൊതുകുകൾക്ക് നേരെ ഒന്ന് പറക്കാൻ പോലും സാധിക്കില്ല. ലോകത്തിലെ മിക്ക രാജ്യങ്ങളും കൊതുകിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടുമ്പോൾ, ഐസ്‌ലാൻഡിൽ കൊതുക് ഇല്ലെന്നത് പ്രകൃതിയുടെ വിചിത്രമായൊരു സമ്മാനം തന്നെയാണ്. മനുഷ്യർക്കെപ്പോഴും തലവേദനയായ ജീവികൾക്ക് ഐസ്‌ലാൻഡിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇനി ഒട്ടും വൈകണ്ട കൊതുകിന്റെ കടിയേൽക്കാതെ ഉറങ്ങാൻ ഐസ്‌ലാൻഡിലേക്ക് പോയാലോ.
Summary: Iceland is the only country in the world without mosquitoes. The nation’s cold, unpredictable weather and isolated location prevent mosquitoes from completing their life cycle, making it free from mosquito-borne diseases like malaria and dengue. This remarkable fact makes Iceland not just a land of ice and volcanoes, but also a haven from one of humanity’s most persistent pests.