
പക്ഷികൾ പറക്കുന്നത് കാണാൻ എന്ത് രസമാണ് അല്ലെ! രണ്ടു ചിറകുകളും രണ്ടു വശത്തേക്ക് വീശി പറക്കുന്നത് ഏറെ കൗതുകത്തോടെയാണ് നമ്മളിൽ പലരും നോക്കികാണുന്നത്. ആകാശത്ത് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുന്ന അവയെ കാണുമ്പോൾ നമ്മുടേയും മനസ്സിന് ഒരു പ്രത്യേക സ്വാതന്ത്ര്യാനുഭവം പകരുന്നു. മേഘങ്ങളെ ഭേദിച്ചു കൊണ്ട് ചിറകുകളുടെ ഒരേ താളത്തിൽ പറന്ന് ആകാശം മുറിച്ച് വരുന്നു പക്ഷികളുടെ കൂട്ടതെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ ഇംഗ്ലീഷ് അക്ഷരം V ആകൃതിയിലാണ് കൂട്ടമായി പറന്നു നീങ്ങുന്നത്. പക്ഷികൾ ഒരേ പാറ്റേണിൽ പറക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പക്ഷികൾ V ആകൃതിയിൽ പറക്കുന്നതിന് പിന്നിലെ പ്രധാന കരണങ്ങൾ എന്തൊക്കെയെന്ന് അറിയാം. (Why birds fly in a V shape)
ദീർഘദൂര ദിശകൾ ലക്ഷ്യമാക്കി പറക്കുന്ന പക്ഷി കൂട്ടങ്ങൾ എപ്പോഴും പറക്കുക V ആകൃതിയിലാണ്. അതിജീവനത്തിനും കാര്യക്ഷമതയ്ക്കും ടീം വർക്കിനും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു സങ്കീർണ്ണമായ തന്ത്രമാണിത്. ഒരു പക്ഷി ചിറകടിക്കുമ്പോൾ, അത് അതിന്റെ പിന്നിലും അരികിലും വായുവിന്റെ ഒരു ഉയർച്ച സൃഷ്ടിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. V ആകൃതിയിൽ പറക്കുന്നതിലൂടെ പക്ഷികൾക്ക് ഊർജ്ജം ലാഭിക്കുവാൻ കഴിയുന്നു. പക്ഷികൾ കൂട്ടമായി പറക്കുമ്പോൾ നിരയുടെ മുന്നിൽ നിന്ന് അവരെ നയിക്കുന്ന ഒരു നേതാവ് ഉണ്ടാകും, കൂട്ടത്തിലെ ബലവാനാകും ഇത്. ഇങ്ങനെ പക്ഷി കൂട്ടത്തിന്റെ മുൻനിരയിൽ പറക്കുന്ന പക്ഷി മാത്രമാണ് കൂടുതൽ ഊർജ്ജമെടുത്ത് പറക്കുക. എതിർ ദിശയിലെ വായുവിനെ മറിച്ചു കടക്കുന്നതിന് മുൻനിരയിലെ പക്ഷിക്ക് കൂടുതൽ ഉർജ്ജത്തിൽ പറക്കേണ്ടതുണ്ട്.
V നിരയിൽ പറക്കുന്നതിലൂടെ മുൻനിരയക്ക് പിന്നാലെ വരുന്ന പക്ഷികൾക്ക് മുന്നിലുള്ള പക്ഷിയുടെ അത്രയും ഉർജ്ജത്തിൽ പറക്കേണ്ടി വരുന്നില്ല. ചുരുക്കത്തിൽ ഏറ്റവും പിന്നിൽ പറക്കുന്ന പക്ഷികൾ സൗജന്യ സവാരിക്കാരാണ്. തുടർച്ചയായി ഒരേ പക്ഷിയെ മുന്നിലിരിക്കാൻ അനുവദിക്കില്ല. അവ തിരിഞ്ഞും മാറിയും മുന്നിൽ നിന്നും പുറകിലേക്ക് നീങ്ങും. അതിലൂടെ എല്ലാവർക്കും ഒരേപോലെ പറക്കാനുള്ള സാദ്ധ്യത ഒരുക്കുന്നു.
വായുവിനെ മുറിച്ചു കടക്കുവാൻ മാത്രമല്ല, പരസ്പരം ആശയ വിനിമയം നടത്തുവാൻ കൂടിയാണ് പക്ഷികൾ V ആകൃതിയിൽ പറക്കുന്നത്. പക്ഷി കൂട്ടം പ്രതേക ആകൃതിയിൽ പറക്കുന്നത് ദൃശ്യ സൗന്ദര്യത്തിന് വേണ്ടിയല്ല മറിച്ച് ശാരീരികക്ഷമതയ്ക്കാണ്. പക്ഷികളുടെ ഈ പറക്കൽ രീതിൽ മനുഷ്യർക്ക് ഒരു പാഠമാണ്. പക്ഷികളുടെ കൂട്ടത്തിൽ നിന്നാണ് നാം യഥാർത്ഥ നേതൃത്വം എന്താണ് എന്ന് പഠിക്കുന്നത്. ഒരു നല്ല നേതാവ് മുന്നിൽ നിന്ന് നയിക്കുന്നു. കടുത്ത പ്രതിസന്ധികൾ അതിജീവിക്കാൻ കൂട്ടരേ സഹായിക്കുന്നു. മറ്റുള്ളവർക്കും അവരുടെ ഊഴം നൽകുന്നു, തുടർന്ന് മാറിനിൽക്കുന്നു. നേതൃത്വം അതിക്രമം അല്ല, മറിച്ച് മറ്റുള്ളവർക്ക് വഴിമാറി കൊടുക്ക എന്നതാണ് പക്ഷികൾ മനുഷ്യരെ പഠിപ്പിക്കുന്നത്.