
ആകാശത്തേക്ക് നോക്കി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നിശബ്ദമായി പ്രകാശിക്കുന്ന ആ ചന്ദ്രനെ ഒരു ആണവ സ്ഫോടനം കൊണ്ട് തകർക്കാൻ ലോകത്തെ ഒരു മഹാശക്തി ഒരുങ്ങിയിരുന്നെന്ന്? കേൾക്കുമ്പോൾ ഇത് ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗം പോലെ തോന്നിയേക്കാം, എന്നാൽ ഇത് സത്യമാണ്! 1950 കളുടെ അവസാനത്തിൽ ശീതയുദ്ധത്തിന്റെ (Cold War) മുൾമുനയിൽ നിൽക്കുന്ന ലോകം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൊടുമ്പിരി കൊണ്ട സമയമായിരുന്നു അത്. എതിരാളികളായ സോവിയറ്റ് യൂണിയനോട് തങ്ങളുടെ സാങ്കേതിക ശക്തി തെളിയിക്കാൻ, ശത്രുവിനേക്കാൾ തങ്ങൾ ഒരുപടി മുകളിലാണ് എന്ന് തെളിയിക്കണം. അതിനായി അമേരിക്കയുടെ വ്യോമസേന രഹസ്യമായി ഒരു പദ്ധതിക്ക് രൂപം നൽകി. ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള ഒരു രഹസ്യ പദ്ധതിയാണ് അമേരിക്ക ആസൂത്രണം ചെയ്തത് - ചന്ദ്രനിൽ ഒരു ആണവ ബോംബ് പൊട്ടിക്കുക! (When America Planned to Nuke the Moon)
പ്രോജക്ട് A119 (Project A119) എന്നായിരുന്നു അതീവരഹസ്യമായ പദ്ധതിയുടെ പേര്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു ശാസ്ത്രീയ ഗവേഷണം എന്നതിലും ഉപരി നാണക്കേട് മൂടികെട്ടുക എന്നതിയിരുന്നു. 1957 ഡിസംബർ 6-ന് ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള അമേരിക്കയുടെ ആദ്യ ശ്രമത്തിനുള്ള വിക്ഷേപണ വാഹനമായിരുന്നു വാൻഗാർഡ് ടിവി-3 റോക്കറ്റ്. വാൻഗാർഡ് വിക്ഷേപിച്ച് രണ്ടു സെക്കൻഡ് പോലും കഴിഞ്ഞില്ല അതിന് മുൻപ് തന്നെ ദൗത്യം സമ്പൂർണ്ണ പരാജയമായി തീർന്നു. അന്ന് "ഫ്ലോപ്നിക്" എന്നും "കപുത്നിക്" എന്നും വിളിപ്പേരുകൾ നൽകി അമേരിക്കയുടെ ഈ ദൗത്യത്തെ മാധ്യമങ്ങൾ കളിയാക്കി. അന്ന് അമേരിക്കക്ക് ലോകത്തിന് മുന്നിൽ തലകുനിക്കേണ്ടി വന്നു. സോവിയറ്റ് യൂണിയന്റെ മുന്നിൽ അമേരിക്ക നല്ലപോലെ നാണംകെട്ടു. ആത്മാഭിമാനം തിരിക്കെ പിടിക്കാൻ വേണ്ടിയാണ് അമേരിക്ക ചന്ദ്രനെ തന്നെ ലക്ഷ്യം വച്ചത്.
1957-ൽ ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് 1, സോവിയറ്റ് യൂണിയൻ വിജയകരമായി വിക്ഷേപിച്ചു. സോവിയറ്റ് യൂണിയന്റെ മുൻപിൽ സൈനിക ശക്തിയും ആണവ പ്രാപ്തിയും പ്രകടിപ്പിക്കുക എന്നത് മാത്രമായി അമേരിക്കയുടെ ലക്ഷ്യം. തങ്ങൾ നടത്തുവാൻ പോകുന്ന ദൗത്യം കണ്ട് ലോകം ഞെട്ടണം, ഒടുവിൽ അമേരിക്കയുടെ വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥർ അതിനുള്ള വഴി കണ്ടെത്തി. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആണവ ബോംബ് പൊട്ടിക്കാം, ആ പൊട്ടിത്തെറിയുടെ പ്രകാശം നഗ്നനേത്രങ്ങൾ കൊണ്ട് ഭൂമിയിലെ മനുഷ്യർക്ക് കാണുവാൻ സാധിക്കണം. സ്ഫോടനത്തിന്റെ ഫലമായി ചന്ദ്രോപരിതലത്തിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങൾ സൂര്യപ്രകാശത്തിൽ പ്രതിഫലിക്കുന്നത് ഭൂമിയിൽ നിന്ന് ദൃശ്യമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഈ വിചിത്രമായ പദ്ധതിയുടെ സംഘത്തെ നയിച്ചത് ഡോ. ലിയോനാർഡ് റീഫെൽ (Dr. Leonard Reiffel) ആയിരുന്നു. പ്രശസ്ത ബഹിരാകാശ ഗവേഷകനായ കാൾ സാഗൻ (Carl Sagan) ഈ സംഘത്തിന്റെ ഭാഗമായിരുന്നു. 1950 കളുടെ മധ്യത്തിൽ ലോസ് അലാമോസ് സയന്റിഫിക് ലബോറട്ടറി വികസിപ്പിച്ചെടുത്ത ഒരു ചെറിയ വ്യോമ പ്രതിരോധ ന്യൂക്ലിയർ വാർഹെഡ് ആയ W25 ആണ് അന്ന് ദൗത്യത്തിനായി തിരഞ്ഞെടുത്തത്.
ഇത്രയൊക്കെ ഒരുക്കങ്ങൾ നടത്തിയിട്ടും അമേരിക്ക ഒടുവിൽ ഈ ദൗത്യത്തിൽ നിന്നും പിന്മാറി, 1959-ൽ ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. കാൾ സാഗൻ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നവർ ഈ ദൗത്യത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ആണവ സ്ഫോടനം ചന്ദ്രോപരിതലത്തെ മലിനമാക്കുന്ന റേഡിയോ ആക്ടീവ് വീഴ്ചയ്ക്ക് കാരണമാകുമെന്നും ഭാവിയിലെ ശാസ്ത്രീയ ഗവേഷണത്തിനും പര്യവേഷണത്തിനും അത് തടസ്സമാകുമെന്ന ആശങ്ക ശക്തമായിരുന്നു. വിക്ഷേപണ പരാജയം ന്യൂക്ലിയർ വാർഹെഡ് ഭൂമിയിലേക്ക് തിരികെ വീഴാൻ കാരണമാകുമെന്നും അത് അമേരിക്കൻ ജനതയെ അപകടത്തിലാക്കുമെന്നും വാൻഗാർഡ് സംഭവത്തേക്കാൾ വലിയ ദുരന്തവും നാണക്കേടും സൃഷ്ടിക്കുമെന്ന് സൈനിക നേതാക്കൾ ഭയപ്പെട്ടിരുന്നു. വ്യോമസേന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ നേട്ടങ്ങളെക്കാൾ അപകടസാധ്യതകളായിരുന്നു കൂടുതൽ. ഇത്തരം ഒരു പ്രകോപനപരമായ പ്രവൃത്തി ലോകരാജ്യങ്ങളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമർശനത്തിന് ഇടയാക്കുമെന്നും അത് അമേരിക്കയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും അധികാരികളും തിരിച്ചറിഞ്ഞു.
അങ്ങനെ മനുഷ്യനും ചന്ദ്രനുമായുള്ള ആദ്യ സംഗമം പൊട്ടിത്തെറിയിൽ കലാശിച്ചില്ല. പ്രോജക്ട് A119 ൽ നിന്ന് അമേരിക്ക പിന്മാറിയെങ്കിലും പിന്നെയും ചന്ദ്രനെ തന്നെ ലക്ഷ്യം വച്ചു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് അമേരിക്കൻ ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപ്പോളോ 11 ദൗത്യത്തിലൂടെ ആ വിജയം സ്വന്തമാക്കുകയും ചെയ്തു.
Summary: During the height of the Cold War, the United States secretly planned to detonate a nuclear bomb on the Moon in a top-secret project called Project A119. The goal was to demonstrate American military and technological superiority over the Soviet Union after the shocking success of Sputnik 1.