

ഉപയോക്താക്കള്‍ക്ക് അധിക പരിരക്ഷ നല്‍കാന്‍ പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിങ് അല്ലെങ്കില്‍ ടാര്‍ഗെറ്റഡ് സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റില്‍ പ്രൈവസി അഡ്വാന്‍സ്ഡ് ഓപ്ഷനില്‍ 'സ്ട്രിക്ട് അക്കൗണ്ട് സെറ്റിങ്‌സ്' എന്ന പുതിയ ഓപ്ഷന്‍ ലഭ്യമാകും. (New Whatsapp Features)
സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യണം. അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് അയക്കുന്ന മീഡിയയും അറ്റാച്ചുമെന്റുകളും തടയുക, വാട്‌സ്ആപ്പ് കോളും ചാറ്റുകളും പരിമിതപ്പെടുത്തുക, അനധികൃത മാറ്റങ്ങള്‍ തടയാന്‍ ചില സെറ്റിങ്‌സുകള്‍ ലോക്ക് ചെയ്യുക എന്നിവയും ഫീച്ചറിലുണ്ട്. എന്നാല്‍ ഫീച്ചര്‍ കോളിന്റേയും സന്ദേശത്തിന്റേയും ഗുണനിലവാരം കുറച്ചേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.
സ്പ്ലാഷ് സ്‌ക്രീനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന നടപടികള്‍ക്ക് പുറമേ, മോഡ് ഓണാക്കുമ്പോള്‍ മറ്റ് നിരവധി സ്വകാര്യതാ ഓപ്ഷനുകള്‍ സ്വയമേവ ക്രമീകരിക്കപ്പെടുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. അജ്ഞാത കോളര്‍മാരെ തടയുക, ഗ്രൂപ്പ് ഇന്‍വൈറ്റ് നിയന്ത്രിക്കുക, ലിങ്ക് പ്രിവ്യൂകള്‍ പ്രവര്‍ത്തനരഹിതമാക്കുക, എന്‍ക്രിപ്ഷന്‍ കോഡ് മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുക, ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ഉറപ്പാക്കുക, അജ്ഞാത നമ്പറുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ മറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ സുരക്ഷ ഫീച്ചറുകള്‍ ഭൂരിഭാഗവും വാട്‌സ്ആപ്പിന്റെ സെറ്റിങ്‌സില്‍ ലഭ്യമാണെങ്കിലും, പുതിയ മോഡ് ഇവയെല്ലാം ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നു. സൈബര്‍ ഭീഷണികള്‍ക്ക് കൂടുതല്‍ ഇരയാകാന്‍ സാധ്യതയുള്ള പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവക്ക് ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യും. പുതിയ ഫീച്ചര്‍ എന്ന് ലഭ്യമാകുമെന്ന് വ്യക്തമല്ല. ബീറ്റാ ടെസ്റ്റര്‍മാരെ പോലെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഉള്‍പ്പെടെ എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതിന് കുറച്ച് സമയമെടുത്തേക്കാം.