
നമ്മുടെ ഭൂമിയെ ബഹിരാകാശത്ത് നിന്ന് നോക്കിയാൽ കാണുവാൻ എങ്ങനെയുണ്ടാകും? നീലയും പച്ചയും കലർന്ന ഭൂമി കാണുവാൻ എന്ത് രാസമായിരിക്കുമല്ലേ. ഒരിക്കലെങ്കിലും ബഹിരാകാശത്ത് നിന്നും നോക്കിയാൽ നമ്മുടെ ഭൂമി എങ്ങനെയുണ്ടാകും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവർക്ക് ഓരോ 90 മിനിറ്റിലും ഇതിനുള്ള ഉത്തരം ലഭിക്കുന്നു. ഒരു ദിവസം പതിനാറു തവണയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. ഇങ്ങനെ ഭൂമിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ചുറ്റിക്കറങ്ങുമ്പോൾ അതിമനോഹരമായ കാഴ്ച്ചകളാണ് അവർ കാണുന്നത്. എന്നാൽ നമ്മുടെ ഭൂമിയിലെ എല്ലാം ഒന്നും ബഹിരാകാശ നിലയത്തിൽ നിന്നും നോക്കിയാൽ കാണുവാൻ കഴിയില്ല. ബഹിരാകാശ നിലയത്തെ പറ്റി പറയുമ്പോൾ എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട്. നമ്മിളിൽ പലരും വർഷങ്ങളോളം കരുതിയിരുന്നത് ബഹിരാകാശത്ത് നിന്നും നോക്കിയാൽ ചൈനയുടെ വൻമതിൽ കാണുവാൻ സാധിക്കും എന്നാണ്. എന്നാൽ ഇത് തീർത്തും തെറ്റിദ്ധാരണ മാത്രമാണ്. എങ്കിൽ പിന്നെ ബഹിരാകാശ നിലയത്ത് നിന്ന് നോക്കിയാൽ കാണുവാൻ കഴിയുന്ന നമ്മുടെ ഭൂമിയിലെ കാഴ്ച്ചകൾ ഏതൊക്കെയെന്ന് നോക്കിയാലോ. (What on Earth can we see from space)
ഗ്രേറ്റ് ബാരിയർ റീഫ്
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 2253 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന പവിഴപ്പുറ്റ് ലോകത്തിലെ ഏഴ് പ്രകൃതി അത്ഭുതങ്ങളിൽ ഒന്നാണ്. ഇതിന്റെ വലിപ്പവും ആഴക്കടലിൽ നിന്ന് അത് സൃഷ്ടിക്കുന്ന ദൃശ്യ വൈരുദ്ധ്യവും കൊണ്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എളുപ്പത്തിൽ കാണാൻ കഴിയുന്ന ഒരു പ്രകൃതി വിസ്മയമാക്കുന്നത്.
ആമസോൺ നദി
6400 കിലോമീറ്ററോളം നീളമുണ്ട് ഈ ഭീമൻ നദിക്ക്. ഒരു ഭൂഖണ്ഡത്തെ തന്നെ രണ്ടായി മുറിച്ച് കൊണ്ടാണ് ഈ നദിയൊഴുകുന്നത്. നദിയും അതിനുചുറ്റുമുള്ള ആമസോൺ മഴക്കാടുകളും ശക്തമായ പച്ചയും ഇരുണ്ടതുമായ ഒരു വരയായി പ്രത്യക്ഷപ്പെടുന്നു. ഇതുകൊണ്ടാണ് ബഹിരാകാശ നിലയത്തിൽ നിന്ന് നോക്കിയാൽ നദിയെ കാണുവാൻ സാധിക്കുന്നത്. നദിയിലേക്ക് പതിക്കുന്ന സൂര്യരശ്മികൾ മറ്റൊരു ഘടകമാണ്.
ഗ്രാൻഡ് കാന്യൺ
അരിസോണയിലുള്ള ഈ ഭീമാകാരമായ മലയിടുക്ക്, ലോകത്തിലെ ഏഴ് പ്രകൃതി വിസ്മയങ്ങളിൽ ഒന്നാണ്. 446 കിലോമീറ്റർ നീളവും 29 കിലോമീറ്റർ വരെ വീതിയുമാണ് ഗ്രാൻഡ് കാന്യണിനുള്ളത്. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമിയിൽ ആഴത്തിൽ പതിഞ്ഞ ഒരു പാട് പോലെ ഇതിനെ തോന്നിക്കുന്നു.
അൽമേരിയയിലെ ഹരിതഗൃഹങ്ങൾ
സ്‌പെയിനിലെ അൽമേരിയയിലെ "പ്ലാസ്റ്റിക്കിൻ്റെ കടൽ" എന്നറിയപ്പെടുന്ന ഈ കാർഷിക സമുച്ചയം 350 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. നൂറുകണക്കിന് പ്ലാസ്റ്റിക് മേൽക്കൂരകൾ സൂര്യപ്രകാശത്തെ ശക്തമായി പ്രതിഫലിപ്പിക്കുന്നതിനാൽ, ഇത് പകൽ സമയത്ത് ബഹിരാകാശത്ത് നിന്ന് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്ന മനുഷ്യനിർമ്മിതമായ ഘടനകളിൽ ഒന്നാണ്.
പാം ഐലൻഡ്‌സ്
ദുബായിലെ പാം ഐലൻഡുകൾ എന്ന മനുഷ്യനിർമിതമായ ഈ ദ്വീപകൾ ബഹിരാകാശത്ത് നിന്ന് നോക്കിയാൽ കാണുവാൻ സാധിക്കും. ഏകദേശം 110 ദശലക്ഷം ഘനമീറ്റർ മണലിൽ നിന്നാണ് പാം ജുമൈറ ദ്വീപസമൂഹം നിർമ്മിച്ചിരിക്കുന്നത്. ഭ്രമണപഥത്തിൽ നിന്ന് നോക്കുമ്പോൾ ഇവയുടെ വ്യക്തമായ പനമരത്തിൻ്റെ ജ്യാമിതീയ രൂപം വേറിട്ട് കാണപ്പെടുന്നു.
ഗിസയിലെ പിരമിഡുകൾ
ഈജിപ്തിലെ പിരമിഡുകൾ ബഹിരാകാശത്ത് നിന്ന് കാണുവാൻ കഴിഞ്ഞില്ല എങ്കിൽ പിന്നെ മറ്റെന്ത് കാണാൻ സാധിക്കും? ബിസി 2500 ൽ ഖുഫു രാജാവാണ് ഗ്രേറ്റ് പിരമിഡ് നിർമ്മിച്ചത്, 230 മീറ്റർ ചതുരശ്ര വിസ്തീർണ്ണവും 146 മീറ്റർ ഉയരവുമുള്ള പിരമിഡുകൾക്ക് 29 ഡബിൾ ഡെക്കർ ബസുകളേക്കാൾ ഉയരമുണ്ട്.
ഹിമാലയം
നേപ്പാൾ, ഇന്ത്യ, ചൈന, ഭൂട്ടാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ആറു രാജ്യങ്ങളിലൂടെയാണ് ഹിമാലയം കടന്നു പോകുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് (ഏകദേശം 8,850 മീറ്റർ) ഉൾപ്പെടെ 100-ൽ അധികം കൊടുമുടികളാണ് ഇവിടെയുള്ളത്.