'ദൈവിക സഹായം ലഭിച്ചു': ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് അസിം മുനീർ, അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് | Asim Munir

ഫത്വകളുടെ വിലക്ക് സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കി
'ദൈവിക സഹായം ലഭിച്ചു': ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് അസിം മുനീർ, അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് | Asim Munir
Updated on

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി നടന്ന സൈനിക ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് 'ദൈവിക സഹായം' ലഭിച്ചതായി പാക് പ്രതിരോധ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. ഇസ്‌ലാമാബാദിൽ നടന്ന ദേശീയ ഉലമ കോൺഫറൻസിലാണ് ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തെ പരാമർശിച്ച് അദ്ദേഹം സംസാരിച്ചത്.(We received divine help, Asim Munir on India's Operation Sindoor)

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് മെയ് ഏഴിന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. നാല് ദിവസം നീണ്ട തീവ്രമായ പോരാട്ടത്തിൽ പാക് സേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ ആ ഘട്ടത്തിൽ സൈന്യത്തിന് അദൃശ്യമായ ദൈവിക ഇടപെടലുകൾ അനുഭവപ്പെട്ടുവെന്നും അതാണ് തങ്ങളെ തുണച്ചതെന്നുമാണ് മുനീർ അവകാശപ്പെട്ടത്. മെയ് പത്തിന് സൈനിക നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് നേരെയും അസിം മുനീർ രൂക്ഷവിമർശനം ഉന്നയിച്ചു. പാകിസ്ഥാനിലേക്ക് അതിർത്തി കടന്നെത്തുന്ന ഭീകരരിൽ 70 ശതമാനവും അഫ്ഗാൻ പൗരന്മാരാണെന്ന് അദ്ദേഹം ആരോപിച്ചു. "അഫ്ഗാനിസ്ഥാൻ നമ്മുടെ കുട്ടികളുടെ രക്തം ചിന്തുകയല്ലേ?" എന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാനാണോ അതോ നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ആണോ വേണ്ടതെന്ന് അഫ്ഗാൻ ഭരണകൂടം തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ അനുവാദമില്ലാതെ ആർക്കും 'ജിഹാദ്' പ്രഖ്യാപിക്കാനോ ഫത്വ പുറപ്പെടുവിക്കാനോ അധികാരമില്ലെന്നും അദ്ദേഹം മതപണ്ഡിതരുടെ സമ്മേളനത്തിൽ വ്യക്തമാക്കി. ലോകത്തിലെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ പാകിസ്ഥാന് സവിശേഷമായ സ്ഥാനമുണ്ടെന്ന് അവകാശപ്പെട്ട മുനീർ, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com