

കീവ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പാക്കേജിനോട് സഹകരിക്കാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്‌ളോദിമിർ സെലെൻസ്കി അറിയിച്ചു. സമാധാന പാക്കേജിൻ്റെ കരട് ലഭിച്ച ശേഷം ആത്മാർത്ഥമായി സഹകരിക്കുമെന്നാണ് സെലെൻസ്കി വ്യക്തമാക്കിയിരിക്കുന്നത്.(Volodymyr Zelensky says he is ready to cooperate with Trump's peace package to end the war)
പാക്കേജ് അംഗീകരിച്ചാൽ നാറ്റോയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സെലെൻസ്കിയുടെ ഈ സുപ്രധാന പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
റഷ്യക്കും യുക്രൈനും ഒരുപോലെ പ്രയോജനകരമാകുന്ന പാക്കേജാണിതെന്നാണ് വൈറ്റ് ഹൗസ് ഇതിനെക്കുറിച്ച് വിശദീകരിച്ചത്. എന്നാൽ, നാറ്റോ അംഗത്വത്തിനൊപ്പം സൈന്യത്തിൻ്റെ വലുപ്പത്തിലും കിഴക്കൻ യുക്രൈനിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണത്തിലും അടക്കം യുക്രൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങൾ. ഈ പാക്കേജിനോട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ യുക്രൈനിൽ എത്തിയിരുന്നു. അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് യുക്രൈനിൽ എത്തി കാര്യങ്ങൾ പഠിച്ച ശേഷം പാക്കേജ് തയ്യാറാക്കിയത്. ഡാൻ ഡ്രിസ്കോൾ സെലെൻസ്കിയുമായി ചർച്ചകൾ നടത്തിയിരുന്നു. അതേസമയം, സമാധാന പാക്കേജുമായി ബന്ധപ്പെട്ട വിഷയത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.