ജിദ്ദ: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവത സ്ഫോടനത്തെ തുടർന്നുള്ള ചാരം കലർന്ന പുകപടലം സൗദി അറേബ്യയുടെ അന്തരീക്ഷത്തിന് നേരിട്ടുള്ള ഭീഷണിയുണ്ടാക്കുന്നില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. സൗദി ഗസറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Volcanic eruption in Ethiopia, No threat to Saudi Arabia)
അഗ്നിപർവത സ്ഫോടനത്തെ തുടർന്നുള്ള പുകപടലം സൗദിയിലേക്ക് നീങ്ങുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടില്ല. അതിനാൽ രാജ്യത്തുടനീളമുള്ള അന്തരീക്ഷ നിലവാരത്തെയും കാലാവസ്ഥയെയും ഈ അഗ്നിപർവത പ്രവർത്തനം ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞത് 24 മണിക്കൂറും മേഘങ്ങളുടെ ചലനങ്ങളും കാലാവസ്ഥാ മാറ്റങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട് എന്നാണ്. "അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള ചാരം രാജ്യത്തിൻ്റെ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതായി നിലവിലെ സൂചനകൾ കാണിക്കുന്നില്ല. കാലാവസ്ഥാ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. കാലാവസ്ഥയിൽ എന്തെങ്കിലും സ്വാധീനം ഉണ്ടായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുകൾ നൽകുന്നത് തുടരുമെന്നും" അൽ ഖഹ്താനി സ്ഥിരീകരിച്ചു.