ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ ലൈംഗിക പീഡന വിവാദങ്ങളിലൊന്നായ എപ്‌സ്റ്റീൻ കേസിൽ ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനെ പ്രതിക്കൂട്ടിലാക്കിയ വെർജീനിയ ലൂയിസ് ഗിഫ്രെ (Virginia Giuffre) വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ബ്രിട്ടീഷ് പോലീസ് ആൻഡ്രൂവിനെ ഔദ്യോഗിക രേഖകൾ ചോർത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തതോടെയാണ് വെർജീനിയയുടെ പഴയ ആരോപണങ്ങൾ വീണ്ടും ചർച്ചയാക്കുന്നത്. 2025 ഏപ്രിലിൽ 41-ാം വയസ്സിൽ ഓസ്‌ട്രേലിയയിൽ വെച്ച് വെർജീനിയ ആത്മഹത്യ ചെയ്തിരുന്നുവെങ്കിലും, അവരുടെ മരണശേഷം പുറത്തിറങ്ങിയ ‘നോബഡീസ് ഗേൾ’ (Nobody’s Girl) എന്ന ഓർമ്മക്കുറിപ്പുകൾ രാജകുടുംബത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
തന്റെ 17-ാം വയസ്സിലാണ് വെർജീനിയ ജെഫ്രി എപ്‌സ്റ്റീന്റെയും കാമുകി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന്റെയും കെണിയിൽപ്പെടുന്നത്. ‘സിൻഡ്രെല്ലയെപ്പോലെ നിനക്കൊരു രാജകുമാരനെ കാണാം’ എന്ന് പറഞ്ഞാണ് മാക്‌സ്‌വെൽ വെർജീനിയയെ ആൻഡ്രൂ രാജകുമാരന്റെ അടുത്തേക്ക് എത്തിച്ചതെന്ന് അവരുടെ പുസ്തകത്തിൽ പറയുന്നു. 2001-ലും 2002-ലുമായി മൂന്ന് തവണ ആൻഡ്രൂ തന്നെ പീഡിപ്പിച്ചുവെന്ന് വെർജീനിയ വെളിപ്പെടുത്തിയിരുന്നു. “എന്റെ മക്കൾക്ക് നിന്നേക്കാൾ പ്രായം അല്പം കുറവേയുള്ളൂ” എന്ന് ആൻഡ്രൂ തന്നോട് പറഞ്ഞതായും വെർജീനിയ ഓർത്തെടുത്തിരുന്നു. ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചുവെങ്കിലും 2022-ൽ കോടതിക്ക് പുറത്ത് നടന്ന ഒത്തുതീർപ്പിലൂടെ വെർജീനിയയ്ക്ക് വലിയൊരു തുക നഷ്ടപരിഹാരം നൽകി തടിയൂരുകയായിരുന്നു.
വെർജീനിയയുടെ മരണശേഷം ഒക്ടോബറിൽ ചാൾസ് മൂന്നാമൻ രാജാവ് ആൻഡ്രൂവിന്റെ ‘റോയൽ ഹൈനസ്’ പദവിയും ‘രാജകുമാരൻ’ എന്ന സ്ഥാനപ്പേരും ഔദ്യോഗികമായി നീക്കം ചെയ്തു. നിലവിൽ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തന്റെ ബാല്യകാലം മുതൽ അനുഭവിച്ച ക്രൂരമായ പീഡനങ്ങളും അധികാരത്തിന്റെ തണലിൽ എപ്‌സ്റ്റീൻ നടത്തിയ പെൺവാണിഭങ്ങളും വെർജീനിയ ലോകത്തോട് വിളിച്ചുപറഞ്ഞു. ഒരു ഇസ്രായേൽ മുൻ പ്രധാനമന്ത്രിയും പ്രമുഖ ശതകോടീശ്വരന്മാരും തങ്ങളെ ഉപദ്രവിച്ചുവെന്ന വെർജീനിയയുടെ വെളിപ്പെടുത്തൽ ഇപ്പോഴും അന്വേഷണ വിധേയമാണ്.
ജെഫ്രി എപ്‌സ്റ്റീന്റെ ശൃംഖലയിൽ പെൺകുട്ടികളെ കേവലം ‘കറൻസി’ മാത്രമായാണ് കണക്കാക്കിയിരുന്നതെന്ന് വെർജീനിയ തന്റെ ഓർമ്മക്കുറിപ്പുകളിൽ വിവരിക്കുന്നു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പുരുഷന്മാരെ വശത്താക്കാൻ പെൺകുട്ടികളെ അവർക്ക് കാഴ്ചവച്ചിരുന്നു. എപ്‌സ്റ്റീന്റെ മാൻഹട്ടനിലെ അപ്പാർട്ട്‌മെന്റിൽ ഇസ്രായേൽ സർക്കാർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നതായും ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ബരാക് അവിടെ സന്ദർശനം നടത്തിയിരുന്നതായും പറയുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ആൻഡ്രൂവിന് മെഡിക്കൽ പ്രശ്നങ്ങൾ ഉള്ളതിനാൽ താൻ വിയർക്കാറില്ലെന്ന അദ്ദേഹത്തിന്റെ വാദം പച്ചക്കള്ളമാണെന്ന് വെർജീനിയ സമർത്ഥിച്ചു. ലണ്ടനിലെ ട്രാംപ് നൈറ്റ് ക്ലബ്ബിൽ വെച്ച് ആൻഡ്രൂ തന്നോടൊപ്പം നൃത്തം ചെയ്തപ്പോൾ മഴ പെയ്യുന്നതുപോലെ അദ്ദേഹം വിയർക്കുന്നുണ്ടായിരുന്നു എന്നാണ് വെർജീനിയ പറഞ്ഞത്. ആൻഡ്രൂവിന്റെ അറസ്റ്റിന് പിന്നാലെ ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ “ഇപ്പോൾ അദ്ദേഹം വിയർക്കുന്നുണ്ട്” എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. തന്നെക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ അവകാശമാണെന്ന് ആൻഡ്രൂ വിശ്വസിച്ചിരുന്നതായും വെർജീനിയ ഓർത്തെടുത്തു. നീതി ലഭിക്കാൻ വൈകിയെങ്കിലും, ആൻഡ്രൂവിനെതിരെ ഇപ്പോൾ നടക്കുന്ന നടപടികൾ തങ്ങളുടെ കുടുംബത്തിന് വലിയ ആശ്വാസമാണെന്ന് വെർജീനിയയുടെ ബന്ധുക്കൾ പ്രതികരിച്ചു.
Summary: Virginia Giuffre’s memoir, Nobody’s Girl, details her experiences as “currency” in Jeffrey Epstein’s abuse network, involving powerful figures and alleged ties to Israeli security.

