

കപ്പൽ ദുരന്തങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരാകും ആർ.എം.എസ്. ടൈറ്റാനിക്. "ഒരിക്കലും മുങ്ങില്ല" എന്ന് അവകാശപ്പെട്ടു കൊണ്ട് ലോകത്തിന് സമർപ്പിച്ച ആ ഭീമൻ ആഢംബരക്കപ്പൽ, ആദ്യ യാത്രയിൽ തന്നെ അറ്റ്‌ലാൻ്റിക്ക് സമുദ്രത്തിന്റെ ആഴങ്ങളിൽ എന്നേക്കുമായി മറയുന്നു. ടൈറ്റാനിക്കും അതിൽ പൊലിഞ്ഞ ആയിരങ്ങളുടെ ജീവനും ഇന്നും ഒരു വിങ്ങലായി തുടരുന്നു. ടൈറ്റാനിക്കിന്റെ കഥ കേൾക്കുമ്പോൾ, അന്ന് കപ്പൽ മുങ്ങുമ്പോൾ അതിൽ ഉണ്ടായിരുന്ന മനുഷ്യർ അനുഭവിച്ച കഷ്ടപ്പാടുകളും, അതിജീവിച്ചവരുടെ ഭാഗ്യവും നമ്മെ അത്ഭുതപ്പെടുത്തും.
1912 ഏപ്രിൽ 15-ന് ആ മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട, ലോകം "ഒരിക്കലും മുങ്ങാത്ത സ്ത്രീ" (The Unsinkable Woman) എന്ന് വിശേഷിപ്പിക്കുന്ന ഒരു സ്ത്രീയുണ്ട്. ഇവർ ടൈറ്റാനിക്കിൽ നിന്നും മാത്രമല്ല, അതിൻ്റെ സഹോദര കപ്പലുകളായ ആർ.എം.എസ്. ഒളിമ്പിക് എന്ന കപ്പൽ അപകടത്തിൽപ്പെട്ടപ്പോഴും, എച്ച്.എം.എച്ച്.എസ്. ബ്രിട്ടാനിക് മുങ്ങിപ്പോയപ്പോഴും അവർ ആ കപ്പലുകളിൽ ഉണ്ടായിരുന്നു. ഓരോ തവണയും കപ്പൽ അപകടത്തിൽപ്പെടുമ്പോഴും ആ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരേ കമ്പനിയുടെ മൂന്ന് ഭീമൻ കപ്പലുകളുടെ ദുരന്തത്തിൽ നിന്ന് മൂന്ന് തവണ സ്വന്തം ജീവൻ തിരിച്ചു പിടിക്കാൻ കഴിഞ്ഞ ആ അത്ഭുത സ്ത്രീയുടെ പേരാണ് വയലറ്റ് കോൺസ്റ്റൻസ് ജെസ്സോപ്പ് (Violet Constance Jessop).
വയലറ്റ് ജെസ്സോപ്പിന്റെ ജീവിതം
1887 ഒക്ടോബർ 2 ന് അർജൻ്റീനയിൽ ഐറിഷ് കുടിയേറ്റക്കാരുടെ ഒമ്പത് മക്കളിൽ മുത്തവളായാണ് വയലറ്റിന്റെ ജനനം. വയലറ്റ് തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഇളയ സഹോദരങ്ങളെ പരിചരിച്ചാണ്. നന്നേ ചെറുപ്പത്തിൽ തന്നെ ക്ഷയരോഗം പിടിപെട്ട വയലറ്റ് മരണത്തെ മുഖാമുഖം കണ്ടാണ് വളർന്നത്. 23-ാം വയസ്സിൽ, കപ്പലുകളിലെ സ്റ്റ്യൂവാർഡസായി ജോലിക്ക് പ്രവേശിച്ചതോടെ അവരുടെ ജീവിതം തിരകളോടൊപ്പം സഞ്ചരിക്കാൻ തുടങ്ങി.
ആർ.എം.എസ്. ഒളിമ്പിക്
വയലറ്റ് സർവീസിൽ പ്രവേശിച്ച വൈറ്റ് സ്റ്റാർ ലൈൻ കമ്പനിയുടെ ആദ്യ കപ്പൽ ആർ.എം.എസ്. ഒളിമ്പിക് ആയിരുന്നു. മൂന്ന് ഒളിമ്പിക് ക്ലാസ് കപ്പലുകളിൽ ഏറ്റവും പഴക്കമുള്ളതായിരുന്നു ഈ കപ്പൽ. 1911 സെപ്റ്റംബർ 20 ന് ഒളിമ്പിക് ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്.എം.എസ്. ഹോക്കുമായി കൂട്ടിയിടിക്കുന്നു. കൂട്ടിയിടിയിൽ കപ്പലിന്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കപ്പലിൽ ഉണ്ടായിരുന്ന ആർക്കും ജീവഹാനി സംഭവിച്ചില്ല. വയലറ്റും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇത് ഭാവിയിലെ മഹാദുരന്തങ്ങളുടെ നിശ്ശബ്ദ മുന്നറിയിപ്പായിരുന്നു.
ആർ.എം.എസ്. ടൈറ്റാനിക്
ആർ.എം.എസ്. ഒളിമ്പിക്കിലെ അപകടം കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ വയലറ്റ് മറ്റൊരു കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നു. ഒളിമ്പിക്കിലെ ജോലിയ്ക്ക് ശേഷം, സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് വയലറ്റ് ആർ.എം.എസ്. ടൈറ്റാനിക്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. 1912 ഏപ്രിൽ 14-ന് രാത്രിയിൽ ടൈറ്റാനിക് ഒരു മഞ്ഞുമലയിൽ ഇടിച്ച് മുങ്ങാൻ തുടങ്ങിയപ്പോൾ, ഡെക്കിലുള്ള ആളുകളെ ശാന്തരാക്കാൻ വയലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ, അവർ ലൈഫ് ബോട്ട് 16-ൽ കയറിപ്പറ്റുന്നു. എന്നാൽ, അവർ കപ്പിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ഒരു ഉദ്യോഗസ്ഥൻ ഒരു കുഞ്ഞിനെ അവരുടെ കയ്യിൽ ഏൽപ്പിക്കുന്നു. അങ്ങനെ വയലറ്റും ആ കുഞ്ഞും രക്ഷപ്പെടുന്നു.
എച്ച്എംഎച്ച്എസ് ബ്രിട്ടാനിക്
ടൈറ്റാനിക് ദുരന്തത്തിന് ശേഷവും വയലറ്റ് കപ്പൽ യാത്ര തുടർന്നു. 1916-ൽ, ഒന്നാം ലോകമഹായുദ്ധസമയത്ത്, ടൈറ്റാനിക്കിന്റെ ഇളയ സഹോദര കപ്പലായ എച്ച്.എം.എച്ച്.എസ്. ബ്രിട്ടാനിക്കിൽ നഴ്‌സായി അവർ ജോലിക്ക് ചേർന്നു. എച്ച്എംഎച്ച്എസ് ബ്രിട്ടാനിക് യുദ്ധകാലത്ത് ഒരു ആശുപത്രി എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത്. 1916 നവംബർ 21 ന് ബ്രിട്ടാനിക് ഒരു ജർമ്മൻ ഖനിയിൽ ഇടിച്ച് മുങ്ങി. തവണ ലൈഫ് ബോട്ടിൽ കയറി രക്ഷപെടാൻ വയലറ്റ് ശ്രമിച്ചുവെങ്കിലും, ലൈഫ് ബോട്ട് കപ്പലിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങി. അതോടെ ലൈഫ് ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുന്നു. ലൈഫ് ബോട്ടിൽ നിന്നും ചാടുന്ന വേളയിൽ കപ്പലിൽ തലയിടിച്ച് വയ്‌ലറ്റിന് ഗുരുതരമായി തലക്ക് പരിക്കേറ്റിരുന്നു. എന്നിരുന്നാലും വയലറ്റിന് സ്വന്തം ജീവൻ നഷ്ടമായില്ല. അങ്ങനെ മൂന്നാമതും അവർ കപ്പൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുന്നു.
അതിജീവനത്തിന്റെ പ്രതീകം
ചരിത്രത്തിലെ ഏറ്റവും വലിയ മൂന്ന് കപ്പൽ ദുരന്തങ്ങളെ അതിജീവിച്ച വയലറ്റ് ജെസ്സോപ്പ്, അസാധാരണമായ ഒരു ജീവിതത്തിന്റെ ഉടമയായി മാറി. എന്നാൽ തൻ്റെ അസാധാരണമായ മനഃശക്തിയും ധൈര്യവും കൊണ്ട് ലോകത്തിന് മുന്നിൽ വയലറ്റ് ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു. അവൾ ഭാഗ്യവതിയോ നിർഭാഗ്യവതിയോ? ദുരന്തങ്ങൾ എല്ലായ്‌പ്പോഴും അവളെ പിന്തുടർന്നു. പക്ഷെ ഓരോ തവണയും മരണം അവളെ കടന്നുപോയി.
1950-ൽ വിരമിക്കുന്നതുവരെ അവർ കപ്പലിലെ ഒരു ജീവനക്കാരിയായി തുടർന്നു. തന്റെ ആത്മകഥയായ ടൈറ്റാനിക് സർവൈവർ വഴി അവർ തന്റെ അത്ഭുതകരമായ അനുഭവങ്ങൾ ലോകവുമായി പങ്കുവച്ചു. 1971-ൽ 83-ാം വയസ്സിൽ വയലറ്റ് ജെസ്സോപ്പ് അന്തരിച്ചു. കപ്പൽച്ചേതങ്ങളെ അഭിമുഖീകരിച്ചിട്ടും, ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ ദൃഢനിശ്ചയം ഇന്നും ലോകത്തിന് ഒരു വലിയ പാഠമാണ്.
Summary: Violet Constance Jessop, famously known as “The Unsinkable Woman,” was an Argentine-born British stewardess and nurse who miraculously survived three major ship disasters — the RMS Olympic, the RMS Titanic, and the HMTitanic SurvivorHS Britannic.