ധാക്ക: ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ ആളിപ്പടരുന്ന കലാപം നിയന്ത്രണാതീതമാകുന്നു. ലക്ഷ്മിപൂർ സദർ ഉപജില്ലയിൽ ബിഎൻപി നേതാവ് ബിലാൽ ഹുസൈന്റെ വീടിന് കലാപകാരികൾ തീയിട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഏഴു വയസ്സുകാരിയായ മകൾ ആയിഷ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.(Violence intensifies in Bangladesh, BNP leader's house set on fire, 7-year-old girl burns to death)
അക്രമികൾ വീടിന്റെ വാതിലുകൾ പുറത്തുനിന്ന് പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വാതിലുകൾ പൂട്ടിയതിനാൽ അകത്തുള്ളവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് ബിലാലിന്റെ മാതാവ് ഹസീറ ബീഗം പറഞ്ഞു. ബിലാൽ ഹുസൈനും മറ്റ് രണ്ട് മക്കളും 60 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബിലാലിന്റെ ഭാര്യയും നാല് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ അവാമി ലീഗ് പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു.