
അയർലണ്ട് : അയർലണ്ടിൽ ഇന്ത്യാക്കാർക്ക് നേരെയുള്ള ആക്രമണം തുടരുന്നു. 22 വർഷമായി അയർലണ്ടിൽ കഴിയുന്ന ഇന്ത്യൻ വംശജനായ 51കാരന് നേരെയാണ് ഇപ്പോൾ ആക്രമണം ഉണ്ടായത്. ഡബ്ലിനിലെ ഹോട്ടലിൽ ഷെഫായ ലക്ഷ്‌മൺ ദാസിനെ ക്രൂരമായി മർദ്ദിച്ചശേഷം അക്രമി സംഘം ഇദ്ദേഹത്തെ കൊള്ളയടിച്ച് കടന്നുകളഞ്ഞു. ബുധനാഴ്‌ച പുലർച്ചെയാണ് മൂവർ സംഘം ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് ഡബ്ലിൻ ലൈവ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസം മുൻപ് ഇന്ത്യൻ വംശജയായ ആറ് വയസുകാരി ക്രൂര മർദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ അക്രമവും
ഐറിഷ് പൗരനായ ഇദ്ദേഹത്തിൻ്റെ പക്കൽ നിന്നും ഫോണും പണവും ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ബൈക്കും അക്രമി സംഘം കവർന്നു. സൗത്ത് ഡബ്ലിനിലെ ഷാർലെമോണ്ട് പ്ലേസിൽ വച്ചാണ് ലക്ഷ്‌മൺ ദാസ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ലക്ഷ്‌മൺ ദാസിനെ സെൻ്റ് വിൻസൻ്റ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ട ഇദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കാലുകളിലും കൺപോളയിലും കൈയിലുമാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
അതേസമയം, മോഷണം മാത്രമായിരുന്നു ആക്രമണത്തിൻ്റെ ഉദ്ദേശമെന്നും വംശീയ അതിക്രമമല്ലെന്നുമാണ് ഡബ്ലിൻ ലൈവ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആറ് വയസുകാരിയായ ഇന്ത്യൻ വംശജയ്ക്ക് നേരെ ഡബ്ലിനിൽ തന്നെ അതിക്രൂരമായ വംശീയ ആക്രമണം നടന്നിരുന്നു. ഒരു സംഘം ആൺകുട്ടികൾ ഈ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും സൈക്കിൾ ഉപയോഗിച്ച് കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഇടിക്കുകയും ചെയ്തിരുന്നു. വീടിന് പുറത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.