

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഈഫൽ ടവർ. പ്രണയത്തിന്റെ നഗരമായ പാരീസിലെ മുഖ മുദ്രയാണ് ഈഫൽ ടവർ അങ്ങനെയുള്ള ആ മഹാഘടനയെ സ്വന്തമാക്കാനുള്ള അവസരം കിട്ടിയാലോ? ഞെട്ടണ്ട, പാരീസിലെ പ്രമുഖ വ്യാപാരികൾക്ക് അങ്ങനെയൊരു അവസരം ലഭിച്ചു. എന്നാൽ അതൊരു കെണിയായിരുന്നു. ഒരു കള്ളൻ ഒരുക്കിയ മഹാക്കെണി.
ലോകത്തെ ഒരു പോലെ ചിരിയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധനായ കള്ളനാണ് വിക്ടർ ലസ്റ്റിഗ് (Victor Lustig). ചരിത്രത്തിലെ ഏറ്റവും ധീരനും അതിബുദ്ധിമായ കള്ളനായിരുന്നു ലസ്റ്റിഗ്. വ്യാജമായ പദവികൾ, അതിസമ്പന്നമായ ജീവിതശൈലി, ആളുകളെ വലയിലാക്കാനുള്ള മാസ്മരികമായ സംസാരശേഷി, ഇതായിരുന്നു ലസ്റ്റിഗിന്റെ ആയുധങ്ങൾ. ഓസ്ട്രിയൻ-ഹംഗേറിയൻ വംശജനായ ലാസ്റ്റിഗിനെ കുപ്രസിദ്ധനാക്കിയത് അയാൾ നടത്തിയ തട്ടിപ്പായിരുന്നു. സ്വന്തമല്ലാത്ത ഒരു ലോകോത്തര സ്മാരകം, അതും വെറും പാഴ്ലോഹമായി കണക്കാക്കി, വിറ്റുതുലയ്ക്കാൻ ശ്രമിച്ച, അവിശ്വസനീയമായ ഒരു തട്ടിപ്പ്.
1925-ലാണ് ലസ്റ്റിഗ് തന്റെ ഏറ്റവും വലിയ തട്ടിപ്പിന് കളമൊരുക്കിയത്. അക്കാലത്ത് പാരീസിലെ ഈഫൽ ടവറിൻ്റെ അറ്റകുറ്റപ്പണി ചെലവുകൾ അധികൃതർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതിനെ വിശധികരിച്ചു കൊണ്ട് പാത്രത്തിൽ ഒരു വാർത്ത വരുന്നു. ഇത് ലസ്റ്റിഗിന്റെ ശ്രദ്ധയിൽപ്പെടാൻ ഇടയായി. സർക്കാരിനെ കൊണ്ട് ടവറിനെ നോക്കാൻ കഴിയില്ല, എങ്കിൽ പിന്നെ എന്ത് കൊണ്ട് അത് വിറ്റുകൂടാ എന്ന വല്ലാത്തൊരു ആശയം ലസ്റ്റിഗിന്റെ ഉള്ളിൽ തെളിയുന്നു. പിന്നെ പറയണ്ടല്ലോ, ലസ്റ്റിഗ് ഉടൻ തന്നെ വ്യാജരേഖകളും, പോസ്റ്റ്സ് ആൻഡ് ടെലിഗ്രാഫ്സ് മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്ന വ്യാജപദവിയും ഉണ്ടാക്കി.
സർക്കാരിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഒരു കാര്യത്തിനായിട്ടാണ് കൂടിക്കാഴ്ച എന്നറിയിച്ച്, പാരീസിലെ ഏറ്റവും പ്രധാനപ്പെട്ട സ്ക്രാപ്പ് മെറ്റൽ വ്യാപാരികളെ അദ്ദേഹം ഒരു ആഢംബര ഹോട്ടലിൽ രഹസ്യയോഗത്തിനായി ക്ഷണിച്ചു. "പാരീസുകാരുടെ വികാരങ്ങളെ ഭയന്ന് ടവർ പൊളിക്കുന്നത് പരസ്യമാക്കാൻ സർക്കാരിന് ഭയമുണ്ട്. അതിനാൽ രഹസ്യമായി ലേലം നടത്തുകയാണ്," എന്ന് ലസ്റ്റിഗ് വ്യാപാരികളെ വിശ്വസിപ്പിച്ചു. ലസ്റ്റിഗുമായി കൂടിക്കാഴ്ച നടത്തിയ ആന്ദ്രേ പോയ്സൺ എന്ന വ്യാപാരി ഈഫൽ ടവർ സ്വന്തമാക്കുന്നു. എന്നാൽ സർക്കാർ പ്രാതിനിധിയായ തനിക്ക് നല്ലൊരു തുക കൈക്കൂലി നൽകണമെന്ന് ലസ്റ്റിഗ് ആവശ്യപ്പെടുന്നു. എത്രയൊക്കെ നൽകേണ്ടി വന്നാലും താൻ ഈഫൽ ടവർ സ്വന്തമാക്കുമെന്ന മോഹം ആന്ദ്രേ പോയ്സണിൽ ഉറച്ചിരുന്നു. അതിനാൽ തന്നെ ലസ്റ്റിഗ് ചോദിച്ച കൈക്കൂലി പണവും, ഈഫൽ ടവർ വാങ്ങാനുള്ള പണവും ആന്ദ്രേ പോയ്സൺ നൽകി.
പിറ്റേന്ന്, ടവർ പൊളിക്കാൻ സ്ഥലത്തെത്തിയപ്പോൾ, ഫ്രഞ്ച് സർക്കാരിന് അത് വിൽക്കാൻ ഉദ്ദേശ്യമില്ലെന്ന് പാവം പോയിസൺ മനസ്സിലാക്കി. അപ്പോഴേക്കും പണം കൈപ്പറ്റിയ ലസ്റ്റിഗ് ഓസ്ട്രിയയിലേക്ക് കടന്നു കളഞ്ഞു. സംഭവിച്ചതിലെ നാണക്കേടും, കബളിക്കപ്പെട്ടതിലുള്ള അപമാനവും കാരണം ആന്ദ്രേ പോയ്സൺ ഈ തട്ടിപ്പ് പോലീസിൽ പരാതിപ്പെടാൻ ധൈര്യപ്പെട്ടില്ല. താൻ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞിട്ടും അദ്ദേഹം നിശ്ശബ്ദത പാലിച്ചു. ഒരു ലോകോത്തര സ്മാരകം വാങ്ങാൻ കൈക്കൂലി കൊടുത്തു എന്നുള്ള നാണക്കേട്, തട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിനേക്കാൾ വലുതായിരുന്നു പോയ്സണിന്.
ഏതാനും മാസങ്ങൾ കഴിഞ്ഞിട്ടും പത്രങ്ങളിൽ വാർത്തകളൊന്നും കാണാത്തതിനാൽ, ലസ്റ്റിഗിന് ധൈര്യമായി. അയാൾ വീണ്ടും പാരീസിലെത്തി, അതേ വ്യാജപദവിയിൽ, അതേ തട്ടിപ്പ് രണ്ടാമതും നടത്താൻ ശ്രമിച്ചു. ഈ തവണ ഒരു വ്യാപാരിക്ക് സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ ലസ്റ്റിഗ് അമേരിക്കയിലേക്ക് കടന്നു കളഞ്ഞു. അമേരിക്കയിൽ എത്തിയിട്ടും ലസ്റ്റിഗ് അടങ്ങിയിരുന്നില്ല. അവിടെവെച്ച് അദ്ദേഹം അൽ കപ്പോൺ (Al Capone) പോലുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാക്കളെ വരെ കബളിപ്പിക്കാൻ ശ്രമിച്ചു. അൽ കപ്പോണിനെ കബളിപ്പിക്കാൻ ശ്രമിച്ച ഒരേയൊരു വ്യക്തി എന്ന ഖ്യാതിയും ലസ്റ്റിഗിനുണ്ട്. ചെക്കുകൾ വ്യാജമായി നിർമ്മിക്കുന്നതിൽ അതീവ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ലസ്റ്റിഗിനെ ഒടുവിൽ 1935-ൽ അറസ്റ്റ് ചെയ്തു. ഈഫൽ ടവർ വിറ്റതിലല്ല, മറിച്ച് കള്ളനോട്ട് അച്ചടിച്ചതിനാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. സിങ് സിങ് ജയിലിൽ വെച്ച് 1947-ൽ അദ്ദേഹം അന്തരിച്ചു.
വിക്ടർ ലുസ്റ്റിഗ് ഒരു കുപ്രസിദ്ധ തട്ടിപ്പുകാരനായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും ആളുകളെ വിശ്വസിപ്പിക്കാനുള്ള കഴിവും ലോകമെമ്പാടുമുള്ള കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഒരു അധ്യായമായി തുടരുന്നു. ഇത്രയും വലിയ ഒരു തട്ടിപ്പ് നടന്നിട്ടും, തന്റെ ആദ്യ ഇരയെ നിശബ്ദനാക്കാൻ ലസ്റ്റിഗിന് കഴിഞ്ഞു. അത് അദ്ദേഹത്തെ ചരിത്രത്തിലെ ഏറ്റവും ധൈര്യശാലിയായ തട്ടിപ്പുകാരിൽ ഒരാളാക്കി മാറ്റി.
Victor Lustig was one of the most fearless and intelligent con artists in history, famously known for selling the Eiffel Tower as scrap metal. Using forged documents, false authority, and hypnotic persuasion, Lustig convinced wealthy Paris businessmen to pay for a national monument that was never for sale. His audacious scam remains one of the most unbelievable and iconic frauds in world crime history.