

വാഷിങ്ടൺ: വെനസ്വേല മൂന്ന് മുതൽ അഞ്ച് കോടി ബാരൽ ക്രൂഡോയിൽ അമേരിക്കയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഉപരോധത്തിലുള്ള ഈ എണ്ണ വിപണി വിലയ്ക്ക് വിൽക്കുമെന്നും, അതിലൂടെ ലഭിക്കുന്ന പണം യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താൻ നേരിട്ട് നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' അദ്ദേഹം ഇക്കാര്യം അറിയിച്ചത്.(Venezuela to transfer 30 to 50 million barrels of crude oil to US, says Trump)
വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ പ്രയോജനത്തിനായി മാത്രമേ ഈ പണം ഉപയോഗിക്കൂ എന്ന് ട്രംപ് പറഞ്ഞു. പദ്ധതി ഉടനടി നടപ്പിലാക്കാൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനോട് ട്രംപ് നിർദ്ദേശിച്ചു. സംഭരണ കപ്പലുകൾ വഴി എണ്ണ നേരിട്ട് അമേരിക്കയിലെ അൺലോഡിംഗ് ഡോക്കുകളിൽ എത്തിക്കാനാണ് തീരുമാനം.
ഏകദേശം 2.8 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന എണ്ണയാണിതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇത് വെനസ്വേലയുടെ ഏകദേശം 30 മുതൽ 50 ദിവസത്തെ ഉത്പാദനത്തിന് തുല്യമാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറയെയും സൈനിക നടപടിയിലൂടെ പിടികൂടി യുഎസിലെത്തിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയുടെ വിഭവങ്ങളിൽ അമേരിക്ക കണ്ണുവെക്കുന്നു എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വാദങ്ങളെ ബലപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
വെനസ്വേലയിലെ എണ്ണ ഉത്പാദനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ എക്‌സോൺ, ഷെവ്‌റോൺ, കോണോക്കോഫിലിപ്‌സ് തുടങ്ങിയ പ്രമുഖ ഊർജ്ജ കമ്പനികളുടെ മേധാവികളുമായി വൈറ്റ് ഹൗസ് ഉടൻ കൂടിക്കാഴ്ച നടത്തും. ഉപരോധം മൂലം തകർന്ന വെനസ്വേലയുടെ എണ്ണമേഖല അമേരിക്കൻ കമ്പനികൾക്കായി തുറന്നുനൽകാൻ യുഎസ് വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. അതേസമയം, "തന്റെ വിധി നിർണ്ണയിക്കുന്നത് ദൈവമാണെന്നും ഭീഷണിപ്പെടുത്തുന്നവരല്ലെന്നും" വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പ്രതികരിച്ചു.