

കാരക്കാസ്: വെനസ്വേലയിലെ തടവറകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരിൽ 18 പേരെ മോചിപ്പിച്ചതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു (Venezuela Prisoners Release). വെള്ളിയാഴ്ച ഒമ്പത് പേരെയാണ് വിട്ടയച്ചിരുന്നത്. ശനിയാഴ്ചയോടെ ഈ എണ്ണം 18 ആയി ഉയർന്നു. മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടുകയും ഡെൽസി റോഡ്രിഗസ് താൽക്കാലിക പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നടപടി.
തടവുകാരുടെ മോചനം ഒരു സമാധാന സന്ദേശമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വെനസ്വേലൻ പാർലമെന്റ് അധ്യക്ഷൻ ജോർജ്ജ് റോഡ്രിഗസും പ്രതികരിച്ചു. വെനസ്വേല സഹകരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം ലക്ഷ്യമിട്ടിരുന്ന രണ്ടാം ഘട്ട സൈനിക ആക്രമണം റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. വെനസ്വേലൻ പ്രതിപക്ഷ നേതാവും നോബൽ ജേതാവുമായ മരിയ കോറിന മച്ചാഡോയുടെ അടുത്ത അനുയായികളും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി എൻറിക് മാർക്വേസ്, മനുഷ്യാവകാശ പ്രവർത്തക റോസിയോ സാൻ മിഗ്വൽ എന്നിവരും പുറത്തിറങ്ങിയിട്ടുണ്ട്. വെനസ്വേലയിൽ നിലവിൽ 811 രാഷ്ട്രീയ തടവുകാരുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ 'ഫോറോ പെനൽ' കണക്കാക്കുന്നത്. ഇതിൽ അമേരിക്കൻ പൗരന്മാരുൾപ്പെടെ 80 വിദേശികളും ഉൾപ്പെടുന്നു.
ഈ ആഴ്ച വെനസ്വേലയിൽ നടന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ മോചനം കാണുന്നത്. മഡുറോയെ മയക്കുമരുന്ന് കടത്ത് കേസിൽ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയതും വെനസ്വേലയുടെ എണ്ണ ശേഖരം അമേരിക്കയുടെ മേൽനോട്ടത്തിൽ വിൽക്കാൻ തീരുമാനിച്ചതും ഈ മാറ്റത്തിന്റെ ഭാഗമാണ്.
The number of released political prisoners in Venezuela has risen to 18 as part of a "peace gesture" following the recent political transition in the country. This follows the capture of Nicolas Maduro and President Donald Trump's decision to cancel further military strikes due to Venezuela's cooperation. Rights groups like Foro Penal estimate over 800 political prisoners remain, including foreign nationals, as the international community watches the unfolding stability in Caracas.