വാഷിങ്ടൻ : സിഐഎയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയതിനു പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ സൈനികരെ വിന്യസിച്ച് വെനസ്വേല. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളാണ് നടക്കുന്നത്.
കരീബിയന്‍ കടലില്‍ യുഎസ് നാവികസേന വെനസ്വേലന്‍ ബോട്ടുകളെ ആക്രമിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും വഷളായിരുന്നു.വെനസ്വേലന്‍ ബോട്ടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടത്.മയക്കുമരുന്ന് കടത്തിനെ പിന്തുണയ്ക്കുകയും മയക്കുമരുന്ന് സംഘങ്ങളുമായി ഒത്തുകളിക്കുകയും ചെയ്യുന്നുവെന്നാണ് നിക്കോളാസ് മഡുറോ ഭരണകൂടത്തിനെതിരേയുള്ള ട്രംപിന്റെ ആരോപണം.
അമേരിക്കയെ ലക്ഷ്യംവെച്ച് വലിയ അളവില്‍ മയക്കുമരുന്നുമായെത്തിയ അന്തര്‍വാഹിനി തകര്‍ത്തതായി കഴിഞ്ഞ ദിവസമാണ് ട്രംപ് സ്ഥിരീകരിച്ചത്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പിടികൂടിയ രണ്ടുപേരെ അവരുടെ സ്വദേശങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും മടക്കി അയച്ചതായും ട്രംപ് പറഞ്ഞു.
ഇതേ സമയം,കരീബിയൻ കടലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് സൈന്യത്തിന്റെ കേന്ദ്രമായി മാറിയ പ്യൂർട്ടോ റിക്കോയിലേക്ക് 10 എഫ്-35 യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്. ദ്വീപിലേക്ക് കുറഞ്ഞത് മൂന്ന് എംക്യു-9 റീപ്പർ ഡ്രോണുകളെങ്കിലും യുഎസ് വിന്യസിച്ചിട്ടുണ്ട്.സൈനികരും നാവികരുമായി 4500ലധികം പേരെയാണ് പ്രദേശത്ത് യുഎസ് വിന്യസിച്ചിരിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ.