

വാഷിംഗ്ടൺ: വെനിസ്വേലൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുന്നതിനെതിരെ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി (US-Venezuela). മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിയും വെനിസ്വേലയുടെ വർദ്ധിച്ച സൈനിക പ്രവർത്തനവും കാരണമാണ് ഈ മുന്നറിയിപ്പ്. ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പൽ സ്‌ട്രൈക്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള സൈനികരെ യുഎസ് ഈ മേഖലയിലേക്ക് വിന്യസിച്ചതിന് ശേഷമാണ് എഫ്എഎയുടെ ഈ പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ മുതൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (ജിഎൻഎസ്എസ്) ഇടപെടലുകൾ വർദ്ധിച്ചിട്ടുണ്ടെന്നും വെനിസ്വേല നിരവധി സൈനികാഭ്യാസങ്ങൾ നടത്തിയിട്ടുണ്ടെന്നും എഫ്എഎ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വ്യോമാതിർത്തിയിലും വിമാനത്താവളങ്ങളിലും ഉൾപ്പെടെ "എല്ലാ ഉയരങ്ങളിലും" വിമാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അമേരിക്കയുടെ ഈ മുന്നറിയിപ്പിൽ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ ആശങ്ക വർദ്ധിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ലാറ്റിൻ അമേരിക്കൻ മയക്കുമരുന്ന് കടത്ത് തടയാനുള്ള സൈനിക നടപടിയാണ് ഇതെന്നാണ് യുഎസ് അവകാശപ്പെടുന്നതെങ്കിലും, ഈ സൈനിക വിന്യാസം തന്നെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണെന്ന് മഡുറോ മുന്നറിയിപ്പ് നൽകി. 2019 മുതൽ യുഎസ് പാസഞ്ചർ വിമാനങ്ങൾക്ക് വെനസ്വേലയിലേക്ക് നേരിട്ടുള്ള സർവീസുകൾ ഇല്ലെങ്കിലും, മറ്റ് തെക്കേ അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചില വിമാനങ്ങൾ ഈ വ്യോമാതിർത്തി ഉപയോഗിക്കുന്നുണ്ട്. അതേസമയം, യുഎസ് ഓപ്പറേറ്റർമാർ വെനസ്വേലൻ വ്യോമാതിർത്തിയിലൂടെ പറക്കുന്നതിന് 72 മണിക്കൂർ മുമ്പ് എഫ്എഎക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന് ഫ്ലൈട്രാഡാർ 24 റിപ്പോർട്ട് ചെയ്തു.
The U.S. Federal Aviation Administration (FAA) issued a NOTAM warning major airlines about the "worsening security situation and heightened military activity" over Venezuelan airspace, urging caution at all altitudes. This follows the deployment of a major US advanced aircraft carrier strike group to the region.