തെൽ അവിവ്: ഗാസയിൽ ഇസ്രായേലിന്‍റെ അക്രമണങ്ങൾക്കിടെ ഇറാനും ഹമാസിനും ഹൂതികൾക്കും മുന്നറിയിപ്പ് നൽകി അമേരിക്ക. അനുനയത്തിന് തയാറായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ്. അതേസമയം, ഗൾഫ് കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവികസേന അറിയിച്ചു.
ആണവ കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാനുമേൽ ബോംബാക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഭീഷണിയെ തുടർന്ന് ഗൾഫ് മേഖല വീണ്ടും സംഘർഷഭരിതമായി. സഹകരണമാണ് തെഹ്റാൻ ലക്ഷ്യമിടുന്നതെങ്കിൽ ചർച്ചക്ക് ഒരുക്കമാണെന്നും മറിച്ചാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും യുഎസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു. ഭീഷണിയും അടിച്ചേൽപിക്കലും കൊണ്ട് വഴങ്ങുമെന്ന് കരുതേണ്ടതില്ലെന്ന് ഇറാനും അമേരിക്കയോട് പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിന് ഹമാസ് മാത്രമാണ് ഉത്തരവാദികളെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് കുറ്റപ്പെടുത്തി. യെമനിൽ ഹൂതികൾക്ക് നേരെയുള്ള ആക്രമണം കൂടുതൽ ശക്തമായി തുടരാനും അമേരിക്ക തീരുമാനിച്ചു.
അതിനിടെ, ഗൾഫ് സമുദ്രത്തിൽ എണ്ണ കള്ളകടത്തിന് ശ്രമിച്ച രണ്ട് ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവിക സേന അറിയിച്ചു. എന്നാൽ, ഏതു രാജ്യത്തിന്‍റെ ടാങ്കറുകളാണ് പിടികൂടിയതെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ടാങ്കറുകളിലെ ജോലിക്കാരായ 25 പേർ ഇറാൻ നാവികസേനയുടെ പിടിയിലാണ്.