വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡൻ്റ് നിക്കൊളാസ് മദൂറോയ്‌ക്കെതിരായ സമ്മർദ്ദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കരീബിയൻ കടലിൽ വെനസ്വേലയുടെ ഒരു വമ്പൻ എണ്ണക്കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു. നാല് മാസമായി വെനസ്വേലയ്ക്ക് മേൽ അമേരിക്ക ചെലുത്തുന്ന നിരന്തര സമ്മർദ്ദങ്ങളുടെ ഏറ്റവും പുതിയ നടപടിയാണിത്.(US seizes Venezuelan oil tanker, confirms Trump)
ബുധനാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. "ഇതുവരെ പിടിച്ചെടുത്ത കപ്പലുകളിൽ വെച്ച് ഏറ്റവും വലുതാണ് ഇത്. വ്യക്തമായ കാരണങ്ങളുള്ളതിനാലാണ് ഈ കപ്പൽ പിടിച്ചെടുത്തത്," ട്രംപ് വിശദമാക്കി. മദൂറോ ഭരണകൂടത്തിനെതിരെ അമേരിക്ക നടപടികൾ ശക്തമാക്കുന്നതിൻ്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
യുഎസ് സേന കപ്പൽ പിടിച്ചെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ അമേരിക്കയുടെ അറ്റോണി ജനറൽ പാം ബോണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചു. 45 സെക്കൻ്റ് ദൈർഘ്യമുള്ള, 'ക്ലാസിഫൈഡ് അല്ലാത്ത' വീഡിയോയിൽ അമേരിക്കൻ സേന ഹെലികോപ്റ്ററിൽ നിന്ന് ആയുധങ്ങളുമായി കപ്പലിലേക്ക് ഇറങ്ങുന്നതിൻ്റെ ദൃശ്യങ്ങളാണ് ഉള്ളത്. വെനസ്വേലയുടെ എണ്ണ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് പുതിയ മാനം നൽകുന്നതാണ് ഈ നടപടി.