

ദോഹ: ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളിൽനിന്ന് അമേരിക്കൻ സൈന്യത്തെ മാറ്റുന്നതായി റിപ്പോർട്ട്. ഇറാനിൽ യുഎസ് സൈനിക ഇടപെടൽ ഉണ്ടാകുമെന്ന സൂചനകൾക്കിടെ, തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ അമേരിക്കയുടെ നിർണായക നീക്കം.
ഖത്തറിലെ അൽ ഉദൈദ് ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെ മാറ്റാൻ യുഎസ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഇറാൻ തിരിച്ചടി നൽകിയാൽ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാനാണ് ഈ പിൻവാങ്ങൽ. കഴിഞ്ഞ വർഷം ജൂണിൽ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായും സമാനമായ രീതിയിൽ ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.
അതേസമയം, ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികളോട് പ്രതിഷേധം തുടരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്രക്ഷോഭകർക്ക് അമേരിക്കയുടെ സഹായം വൈകാതെ എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതോടെ ഇറാൻ സർക്കാരും അമേരിക്കയും തമ്മിലുള്ള വാക്പോര് മുറുകിയിരിക്കുകയാണ്. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം ഇപ്പോൾ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ രക്തച്ചൊരിച്ചിലിലേക്കാണ് നീങ്ങുന്നത്.
അമേരിക്കൻ സൈനിക നീക്കങ്ങൾക്കൊപ്പം ഇസ്രായേലും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ ഏത് സാഹചര്യവും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ വലിയൊരു യുദ്ധത്തിന്റെ മുനമ്പിലായിരിക്കുകയാണ്.