

വാഷിങ്ടൺ: യു.എസ്. പാസ്‌പോർട്ടുകളിലെ ലിംഗസൂചകം 'പുരുഷൻ' എന്നോ 'സ്ത്രീ' എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാൻ യു.എസ്. സുപ്രീം കോടതി അനുമതി നൽകി. ഇതോടെ, രാജ്യത്തെ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് അവരുടെ ലിംഗസ്വത്വം പാസ്‌പോർട്ടിൽ 'X' എന്ന് രേഖപ്പെടുത്താനുള്ള അവസരം ഇല്ലാതാകും. ട്രംപ് ഭരണകൂടം നിരന്തരമായി വാദിച്ച ഈ നയത്തിനാണ് സുപ്രീം കോടതി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.(US passports to only have 'male' and 'female' gender designations, Supreme Court approves Trump policy of removing 'X' option)
ലിംഗസ്വത്വത്തിനനുസരിച്ച് 'പുരുഷൻ' എന്നോ 'സ്ത്രീ' എന്നോ 'X' എന്നോ തിരഞ്ഞെടുക്കാൻ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോൾ തള്ളിക്കളഞ്ഞത്.
കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ പുരുഷൻ, സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിക്കുകയും 'X' ഓപ്ഷൻ ഒഴിവാക്കുകയും ചെയ്തു.
സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാർ ഈ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ അപകടപ്പെടുത്താൻ ഈ വിധി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാർ വിയോജിപ്പ് പ്രകടിപ്പിച്ചത്. വിധി യു.എസിലെ ട്രാൻസ്‌ജെൻഡർ അവകാശങ്ങളെയും സുരക്ഷയേയുംകുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ജോ ബൈഡൻ പ്രസിഡന്റായ 2021-ൽ രേഖകൾ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ട്രാൻസ്‌ജെൻഡർ അപേക്ഷകർക്കായി 'എക്‌സ്' എന്ന മൂന്നാമതൊരു ഓപ്ഷൻ നൽകുകയും ചെയ്തിരുന്നു.
ജനുവരിയിൽ അധികാരത്തിൽ മടങ്ങിയെത്തിയതു മുതൽ ട്രംപ് രണ്ട് ലിംഗങ്ങളേയുള്ളൂ എന്ന നിലപാട് സ്വീകരിക്കുകയും ട്രാൻസ്‌ജെൻഡറുകളുടെ ലിംഗസ്വത്വത്തെ ഒരു 'നുണ'യായി കാണുകയും ചെയ്തിരുന്നു. പിന്നാലെ യു.എസ്. സൈന്യത്തിൽ ചേരുന്നതിൽനിന്ന് ട്രാൻസ്‌ജെൻഡറുകളെ വിലക്കിയതിനും സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.