ആയുധങ്ങൾ ഒളിപ്പിച്ചും സിവിലിയൻ വിമാനമെന്ന വ്യാജേനയും ആക്രമണം; മയക്കുമരുന്ന് വേട്ടയുടെ മറവിൽ യുഎസ് നടത്തിയത് ഗുരുതരമായ യുദ്ധക്കുറ്റമെന്ന് റിപ്പോർട്ട് | US War Crimes

സെപ്റ്റംബറിൽ വെനിസ്വേലയിൽ നിന്നുള്ള ഒരു ബോട്ടിൽ നടത്തിയ ആക്രമണത്തെക്കുറിച്ചാണ് പുതിയ വെളിപ്പെടുത്തലുകൾ
US War Crimes
Updated on

വാഷിംഗ്ടൺ: മയക്കുമരുന്ന് കടത്തുകാർ എന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് കടലിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ സൈന്യം സിവിലിയൻ വിമാനമെന്ന വ്യാജേന സൈനിക വിമാനം ഉപയോഗിച്ചതായി റിപ്പോർട്ട് (US War Crimes). ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് 'പെർഫിഡി'എന്നറിയപ്പെടുന്ന ഗുരുതരമായ യുദ്ധക്കുറ്റം യുഎസ് സൈന്യം ചെയ്തതായി ആരോപിക്കുന്നത്. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ അനുസരിച്ച് ശത്രുവിനെ കബളിപ്പിക്കാൻ സിവിലിയൻ വേഷം കെട്ടുന്നത് നിരോധിക്കപ്പെട്ട ഒന്നാണ്.

കഴിഞ്ഞ സെപ്റ്റംബറിൽ വെനിസ്വേലയിൽ നിന്നുള്ള ഒരു ബോട്ടിൽ നടത്തിയ ആക്രമണത്തെക്കുറിച്ചാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. സൈനിക ചിഹ്നങ്ങളില്ലാത്ത, സാധാരണ സിവിലിയൻ വിമാനത്തിന്റേത് പോലുള്ള നിറം നൽകിയ വിമാനമാണ് ഈ ആക്രമണത്തിന് ഉപയോഗിച്ചത്. വിമാനത്തിന്റെ ചിറകുകൾക്ക് താഴെ കാണുന്ന രീതിയിലല്ലാതെ മിസൈലുകൾ ബോഡിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണഗതിയിൽ സൈനിക വിമാനമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളൊന്നും ഈ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സെപ്റ്റംബർ 2-ന് നടന്ന ഈ ആക്രമണം ട്രംപ് ഭരണകൂടം ആരംഭിച്ച ബോട്ട് ബോംബിംഗ് ക്യാമ്പയിനിലെ ആദ്യത്തേതായിരുന്നു. അന്ന് 11 പേർ കൊല്ലപ്പെട്ടതായും അവർ മയക്കുമരുന്ന് ഭീകരരാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ആദ്യ മിസൈൽ ആക്രമണത്തിന് ശേഷം കടലിലെ അവശിഷ്ടങ്ങളിൽ തൂങ്ങിക്കിടന്ന രണ്ട് പേർ തങ്ങളെ രക്ഷിക്കാനെത്തിയ സിവിലിയൻ വിമാനമാണെന്ന് കരുതി ഇതിന് നേരെ കൈവീശി കാണിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ സൈന്യം രണ്ടാമതും മിസൈൽ തൊടുത്ത് ഇവരെയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനെ 'ഡബിൾ ടാപ്പ്' എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്.

മയക്കുമരുന്ന് കടത്ത് എന്നത് ഒരു ക്രിമിനൽ കുറ്റകൃത്യം മാത്രമാണെന്നും അതിനെ ഒരു അന്താരാഷ്ട്ര സായുധ പോരാട്ടമായി കണ്ട് സൈനികാക്രമണം നടത്താൻ നിയമപരമായ അനുമതിയില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സിവിലിയൻ വേഷം ധരിച്ച് ആക്രമണം നടത്തുന്നത് ശത്രുക്കളുടെ ജാഗ്രത കുറയ്ക്കാനും അവരെ അപകടത്തിലാക്കാനും ഇടയാക്കും. സെപ്റ്റംബറിന് ശേഷം ഇതുവരെ കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലുമായി നടന്ന 35-ഓളം ആക്രമണങ്ങളിൽ 114-ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Summary

The U.S. military is facing war crime allegations of "perfidy" after a New York Times report revealed that a military aircraft was disguised as a civilian plane during a lethal strike on a suspected drug boat in September. The report alleges that the munitions were hidden inside the fuselage and two survivors, believing the aircraft was a civilian rescue vessel, waved at it before being killed in a "double-tap" strike. While the Trump administration defends these strikes as part of an armed conflict with drug cartels, legal experts argue that drug trafficking is a criminal matter and targeting such vessels with disguised military force violates international laws.

Related Stories

No stories found.
Times Kerala
timeskerala.com