വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ എപ്സ്റ്റീൻ ഫയലിലെ പരാമർശങ്ങൾ തള്ളി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്. ചൊവ്വാഴ്ച പുറത്തുവിട്ട 30,000-ത്തോളം വരുന്ന എപ്സ്റ്റീൻ രേഖകളിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇത് അസത്യമാണെന്നും അന്വേഷണ ഏജൻസികൾക്ക് ഈ ആരോപണത്തിൽ വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.(US Justice Department dismisses allegations against Trump in Epstein files)
ട്രംപും എപ്സ്റ്റീനും ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. 2020-ലെ തിരഞ്ഞെടുപ്പിന് മുൻപാണ് ഈ മൊഴികൾ എഫ്ബിഐക്ക് മുൻപാകെ സമർപ്പിക്കപ്പെട്ടത്. പീഡനത്തെക്കുറിച്ച് ട്രംപും എപ്സ്റ്റീനും ചർച്ച ചെയ്യുന്നത് താൻ കേട്ടുവെന്ന് ഒരു ഡ്രൈവറും മൊഴി നൽകിയിരുന്നു. എന്നാൽ ഈ മൊഴികളിൽ എഫ്ബിഐ തുടർ അന്വേഷണം നടത്തിയതായി രേഖകളില്ല.
ട്രംപ് ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി സംശയിക്കുന്നെന്നോ, ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ അന്വേഷണം നടന്നെന്നോ ഫെഡറൽ ഏജന്റുമാരോ പ്രോസിക്യൂട്ടർമാരോ ഫയലുകളിൽ ഒരിടത്തും പറയുന്നില്ലെന്ന് നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ എന്ന നിലയിലാണ് ഇതിനെ കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, തന്റെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് അതിജീവിത നീതിന്യായ വകുപ്പിനെതിരെ രംഗത്തെത്തി. 2009-ലാണ് താൻ എപ്സ്റ്റീന്റെ അതിക്രമത്തിന് ഇരയായതെന്നും തുടർന്ന് എഫ്ബിഐക്ക് പരാതി നൽകിയതാണെന്നും അവർ പറഞ്ഞു.