ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച പുലർച്ചെയും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുന്നു (US Israel Strikes Tehran Residential Areas). ഇത്തവണ ജനവാസ മേഖലകളും രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ടെഹ്‌റാൻ സർവ്വകലാശാലയുടെ പരിസരവുമാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
നേരത്തെ നടന്ന ആക്രമണത്തിന്റെ ആഘാതം റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രസ് ടിവി ജേർണലിസ്റ്റ് തന്നെ മറ്റൊരു മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. ടെഹ്‌റാൻ സർവ്വകലാശാലയ്ക്ക് സമീപം മിസൈലുകൾ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഈ ആക്രമണങ്ങളിൽ ആളപായം ഉണ്ടായതായി ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല.
അതിനിടെ, ടെഹ്‌റാനിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് അവിടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ഖോം ഉൾപ്പെടെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ടെഹ്‌റാനിൽ ഏകദേശം 300-ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗം പേരെയും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ മാറ്റിയിട്ടുണ്ടെങ്കിലും ചെറിയൊരു വിഭാഗം വിദ്യാർത്ഥികൾ ഇപ്പോഴും നഗരത്തിൽ തുടരുന്നതായാണ് വിവരം. ഇറാനിലെ ഇന്റർനെറ്റ്-മൊബൈൽ കണക്റ്റിവിറ്റി തടസ്സപ്പെട്ടത് വിദ്യാർത്ഥികളുമായി ബന്ധപ്പെടുന്നത് പ്രയാസകരമാക്കുന്നുണ്ട്.
Summary: Residential areas and the vicinity of Tehran University were hit by a new wave of U.S. and Israeli airstrikes on Friday morning. According to Iran’s Press TV, missiles targeted civilian zones, with one follow-up strike caught on camera during a live report.

