വാഷിങ്ടൺ: അമേരിക്കൻ ഐക്യനാടുകളിലെ സർക്കാർ ഷട്ട് ഡൗൺ രണ്ടാം മാസത്തിലേക്ക് കടന്നു. 30 ദിവസം പിന്നിട്ട അടച്ചുപൂട്ടൽ യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ഷട്ട് ഡൗണായി മാറി. 2019-ലെ 35 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം 2019-ലെ 345 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലാണിത്. ഏകദേശം 14 ലക്ഷം സർക്കാർ ജീവനക്കാരെയാണ് ഷട്ട് ഡൗൺ ഗുരുതരമായി ബാധിച്ചിരിക്കുന്നത്.(US government shutdown enters second month, employees in crisis)
ആരോഗ്യ പരിരക്ഷ ഉൾപ്പെടാത്ത ധനാനുമതി ബിൽ പാസ്സാക്കുന്നതിനെച്ചൊല്ലിയുള്ള ഡെമോക്രാറ്റുകളും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഷട്ട് ഡൗൺ നീണ്ടുപോകാൻ കാരണം. ആരോഗ്യ പരിരക്ഷാ സബ്സിഡി ഉൾപ്പെടാതെയുള്ള ധനാനുമതി ബിൽ പാസ്സാക്കാതെ ഡെമോക്രാറ്റുകളുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കി.
ആരോഗ്യ പരിരക്ഷ ഉൾപ്പെടുത്താതെ ധനാനുമതി ബിൽ പാസ്സാക്കാൻ ആവില്ലെന്ന ഉറച്ച നിലപാടിലാണ് ഡെമോക്രാറ്റിക് പാർട്ടി. വൈറ്റ് ഹൗസ് നിലവിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നില്ല. അടച്ചുപൂട്ടൽ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
7 ലക്ഷം സർക്കാർ ജീവനക്കാർ താത്ക്കാലിക അവധിയിലാണ്. ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്ന 7,30,000 ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. സർക്കാർ ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഷട്ട് ഡൗൺ പ്രതിസന്ധി അവസാനിപ്പിക്കാൻ സെനറ്റിൽ ഇതുവരെ 13 തവണ ധനാനുമതി ബിൽ അവതരിപ്പിച്ചെങ്കിലും, 13 തവണയും അത് പരാജയപ്പെട്ടു. പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന് രാഷ്ട്രീയ നേതൃത്വത്തിന് ഒരു ധാരണയുമില്ല. ഷട്ട് ഡൗൺ നീണ്ടുപോകുന്തോറും, സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ് എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.