ന്യൂയോർക്ക്: യുഎസ് സർക്കാർ അടച്ചുപൂട്ടൽ 27-ാം ദിവസത്തിലേക്ക് കടന്നതിനെ തുടർന്ന് രാജ്യവ്യാപകമായി വ്യോമഗതാഗതം താറുമാറായി. ശമ്പളം മുടങ്ങിയതോടെ എയർ ട്രാഫിക് കൺട്രോൾ അടക്കമുള്ള അവശ്യ വിഭാഗങ്ങളിലെ ജീവനക്കാർ ജോലിക്ക് ഹാജരാവാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം.(US government shutdown enters 27th day)
കണക്കുകൾ പ്രകാരം, തിങ്കളാഴ്ച അമേരിക്കയിലുടനീളം 3,370 വിമാനങ്ങളാണ് വൈകിയത്. ഇതിനുപുറമെ, രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള 118 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഞായറാഴ്ചയും സമാനമായ പ്രതിസന്ധി ഉണ്ടായിരുന്നു; അന്ന് ഏകദേശം 8,700 വിമാനങ്ങളാണ് വൈകിയത്.
എയർ ട്രാഫിക് കൺട്രോൾ വിഭാഗം ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ ജീവനക്കാരുടെ കുറവ് രൂക്ഷമാണ്. ശമ്പളം നഷ്ടമായതോടെ കടുത്ത സമ്മർദ്ദത്തിലാണ് ജീവനക്കാർ. ചൊവ്വാഴ്ചയോടെ ഇവർക്ക് പൂർണ്ണ ശമ്പളവും നഷ്ടമാകും. തങ്ങൾക്ക് ശമ്പളമായി എന്ത് ലഭിക്കുമെന്നതിനെക്കുറിച്ച് വെള്ളിയാഴ്ച തന്നെ ജീവനക്കാർക്ക് നോട്ടീസുകൾ ലഭിച്ചിരുന്നു.
എയർ ട്രാഫിക് കൺട്രോളർമാരുമായി സംസാരിച്ചുവെന്നും അവരുടെ സമ്മർദ്ദം നേരിട്ട് കാണാൻ കഴിയുമെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഷോൺ ഡഫി പ്രതികരിച്ചു. ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവർ കാറിൽ ഇന്ധനം നിറയ്ക്കുന്നത് മുതൽ കുട്ടികളുടെ സംരക്ഷണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ആശങ്കയിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഞായറാഴ്ച യുഎസിലുടനീളമുള്ള എയർ ട്രാഫിക് കൺട്രോൾ ടവറുകളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ ടവറുകളിലെ ജീവനക്കാരുടെ കുറവ് ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വിമാന സർവീസുകളിലെ കാലതാമസവും റദ്ദാക്കലും ഇനിയും വർദ്ധിക്കുമെന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ വിലയിരുത്തൽ.