ന്യൂയോർക്ക്: അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ തുടരുന്നതിനെത്തുടർന്ന് രാജ്യമെങ്ങും പ്രതിസന്ധി രൂക്ഷമാകുന്നു. ഷട്ട്ഡൗൺ ഒരു മാസം പിന്നിടുമ്പോൾ, വിമാന സർവീസുകളെയും പൗരന്മാർക്കുള്ള ഭക്ഷ്യസഹായ പദ്ധതികളെയും അത് സാരമായി ബാധിച്ചിരിക്കുകയാണ്.(US government shutdown, Crisis deepens in America)
ഷട്ട്ഡൗൺ കാരണം എയർപോർട്ടുകളിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. ജീവനക്കാരുടെ കുറവ് നികത്താനായി ആഭ്യന്തര വിമാന സർവീസുകളുടെ 10 ശതമാനം നിർത്തലാക്കാൻ സർക്കാർ തീരുമാനമെടുത്തു.
ഈ പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. വിമാനക്കമ്പനികൾ അറിയിച്ചിരിക്കുന്നത് അനുസരിച്ച്, അന്താരാഷ്ട്ര സർവീസുകളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ, ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ വാഷിംഗ്ടണിൽ പുരോഗമിക്കുകയാണ്.
ഷട്ട്ഡൗൺ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, ദശലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാർ ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള കടുത്ത ആശങ്കയിലാണ്. ഏകദേശം 4.2 കോടി ആളുകൾക്ക് പ്രതിമാസം ലഭിക്കുന്ന സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (സ്‌നാപ്) ആനുകൂല്യം സർക്കാർ ഫണ്ട് നിലച്ചതോടെ നവംബർ ഒന്ന് മുതൽ മുടങ്ങേണ്ടതായിരുന്നു.
ആർക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡൻ്റ് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. ധനസഹായം തുടരാൻ നിയമപരമായ വഴികൾ തേടാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഫണ്ട് മുടങ്ങാതിരിക്കാൻ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് ഒരു ഫെഡറൽ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ അടിയന്തര ഫണ്ട് ഉപയോഗിക്കാൻ നിയമപരമായി കഴിയില്ല എന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇത് സ്‌നാപ് ആനുകൂല്യങ്ങൾ കിട്ടേണ്ടവർക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗൺ തുടരുന്നതോടെ, ശമ്പളം കിട്ടാതെ വലയുന്ന ഫെഡറൽ ജീവനക്കാരും അടിസ്ഥാന സേവനങ്ങൾ നിലച്ചതിനാൽ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാർട്ടിപ്പോരിന്റെ ഇരകളായി മാറുകയാണ്. റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ട് പോകുമ്പോൾ, ഷട്ട്ഡൗണിന്റെ പൂർണ്ണ പ്രഹരം ഈ വാരാന്ത്യം മുതൽ സാധാരണക്കാർക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.