
വാഷിംഗ്ടൺ: ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി വിസ അപേക്ഷകർക്കായി പുതിയ നിയമം കൊണ്ടുവന്നു(US Embassy). എഫ്, എം, ജെ നോൺ ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ അവരുടെ സോഷ്യൽ മീഡിയ ക്രമീകരണങ്ങൾ സ്വകാര്യത്തിൽ നിന്ന് പൊതുവിലേക്ക് മാറ്റണമെന്ന് പ്രഖ്യാപിച്ചു.
യു.എസ് നിയമപ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. 2019 മുതൽ യുഎസ് സർക്കാർ, വിസ അപേക്ഷകരോട് ഫോമുകളിൽ അവരുടെ സോഷ്യൽ മീഡിയ ഉപയോക്തൃനാമങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതാണ് ഇപ്പോൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ നിയമമാക്കിയത്.
"ഓരോ വിസ തീരുമാനവും ദേശീയ സുരക്ഷാ തീരുമാനമാണ്. അപേക്ഷകന്റെ ഐഡന്റിറ്റി പരിശോധിക്കാനും അവരുടെ പശ്ചാത്തലം കൂടുതൽ ഫലപ്രദമായി പരിശോധിക്കാനും ഈ പുതിയ നടപടി യുഎസ് സർക്കാരിനെ സഹായിക്കുന്നു" - എന്ന് എംബസി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ വഴി വ്യക്തമാക്കി.