

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും യുഎസിൽ മുന്നൂറ്റമ്പതിലധികം ബ്രാൻഡഡ് മരുന്നുകൾക്ക് വില വർദ്ധിപ്പിക്കാൻ മരുന്നു കമ്പനികൾ തീരുമാനിച്ചു (US Drug Prices). കോവിഡ്, ആർഎസ്‌വി, ഷിംഗിൾസ് എന്നിവയ്ക്കുള്ള വാക്സിനുകൾക്കും കാൻസർ ചികിത്സയ്ക്കുള്ള പ്രധാന മരുന്നുകൾക്കും ഇതോടെ വില കൂടും. ആരോഗ്യ ഗവേഷണ സ്ഥാപനമായ '3 ആക്സിസ് അഡ്വൈസേഴ്സ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 ജനുവരി 1 മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
ശരാശരി 4 ശതമാനം വില വർദ്ധനവാണ് മരുന്നുകൾക്ക് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 250 മരുന്നുകൾക്കായിരുന്നു വില വർദ്ധിപ്പിച്ചതെങ്കിൽ ഇത്തവണ അത് 350 ആയി ഉയർന്നു. ഏറ്റവും കൂടുതൽ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചത് പൈസറാണ്. ഏകദേശം 80 മരുന്നുകൾക്കാണ് കമ്പനി വില കൂട്ടിയത്. ഇതിൽ കോവിഡ് മരുന്നായ പാക്സ്‌ലോവിഡിനും കാൻസർ മരുന്നായ ഐബ്രാൻസിനും വില കൂടും.
ജിഎസ്കെ തങ്ങളുടെ 20 ഓളം മരുന്നുകൾക്ക് 2 മുതൽ 8.9 ശതമാനം വരെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ചില മരുന്നുകൾക്ക് വില കുറച്ചിട്ടുമുണ്ട്. പ്രമേഹരോഗത്തിനുള്ള ജാർഡിയൻസ് (Jardiance) എന്ന മരുന്നിന്റെ വിലയിൽ 40 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്.
ട്രംപ് ഭരണകൂടം 14 പ്രമുഖ മരുന്നു കമ്പനികളുമായി വില കുറയ്ക്കുന്നതിനായി ധാരണയിൽ എത്തിയിരുന്നുവെങ്കിലും, വാണിജ്യ വിപണിയിൽ തങ്ങളുടെ ലാഭം നിലനിർത്താനാണ് കമ്പനികൾ ഇപ്പോൾ വില വർദ്ധിപ്പിക്കുന്നത്. ഗവേഷണങ്ങൾക്കും പുതിയ കണ്ടുപിടുത്തങ്ങൾക്കും വലിയ തുക ആവശ്യമാണെന്നാണ് കമ്പനികളുടെ വാദം. അമേരിക്കയിൽ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മരുന്നുവിലയാണെന്നിരിക്കെ ഈ പുതിയ വർദ്ധനവ് സാധാരണക്കാരെ കൂടുതൽ ബാധിച്ചേക്കാം.
Leading pharmaceutical companies are set to increase the prices of at least 350 branded medications in the U.S. starting January 2026, despite direct pressure from the Trump administration. Companies like Pfizer and GSK are implementing a median price hike of around 4%, affecting key treatments for cancer and vaccines for COVID-19. While the administration secured some pricing deals for low-income programs, the broad market increases highlight the ongoing struggle to control healthcare costs in the United States.