വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ ഉൾപ്പെടെയുള്ള ഉന്നതർ നേതൃത്വം നൽകുന്നതായി ആരോപിക്കപ്പെടുന്ന 'കാർട്ടൽ ഓഫ് ദി സൺസ്' എന്ന സംഘടനയെ വിദേശ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. മഡുറോ സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഈ നിർണായക നടപടി. ഈ പ്രഖ്യാപനം വഴി, അമേരിക്കൻ സൈന്യത്തിനും നിയമ നിർവഹണ ഏജൻസികൾക്കും സംഘടനയെ ലക്ഷ്യമിടാനും തകർക്കാനും കൂടുതൽ അധികാരങ്ങൾ ലഭിക്കും.(US designates Venezuelan President's 'Cartel of the Suns' as a terrorist organization)
യു.എസ്. നീക്കത്തിനെതിരെ വെനസ്വേലൻ സർക്കാർ ശക്തമായി പ്രതികരിച്ചു. അമേരിക്കയുടെ തീരുമാനം "പരിഹാസ്യമായ ഏറ്റവും പുതിയ നുണ" ആണെന്ന് വെനസ്വേല പ്രതികരിച്ചു. നിലവിലില്ലാത്ത ഒരു സംഘടനയെയാണ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വെനസ്വേലയുടെ വാദം. തങ്ങളുടെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് സർക്കാരിനെ താഴെയിറക്കാനുള്ള യു.എസ്. ഗൂഢതന്ത്രമായാണ് ഈ നീക്കത്തെ വെനസ്വേല വിലയിരുത്തുന്നത്.
വെനസ്വേലയുടെ ആഭ്യന്തര നീതിന്യായ മന്ത്രിയായ ദിയോസ്ദാഡോ കാബെല്ലോയും ഈ സംഘടനയുടെ സുപ്രധാന ഭാഗമാണെന്ന് അമേരിക്ക ആരോപിക്കുന്നു. തങ്ങൾക്ക് താൽപര്യമില്ലാത്തവരെ ലക്ഷ്യമിടാൻ അമേരിക്ക തന്ത്രങ്ങൾ മെനയുന്നുവെന്നാണ് കാബെല്ലോയുടെ പ്രതികരണം. 'കാർട്ടൽ ഓഫ് ദി സൺസ്' എന്ന സംഘടന നിലനിൽക്കുന്നില്ലെന്ന വെനസ്വേലയുടെ വാദത്തിന് പിന്തുണയുമായി കൊളംബിയയും എത്തിയിട്ടുണ്ട്. തങ്ങളെ അനുസരിക്കാത്ത സർക്കാരുകളെ താഴെയിറക്കാനുള്ള അമേരിക്കയുടെ തന്ത്രമായാണ് കൊളംബിയ ഈ തീരുമാനത്തെ വിലയിരുത്തുന്നത്.
കാർട്ടൽ ഓഫ് ദി സൺസ് നിലനിൽക്കുന്നുവെന്ന് മാത്രമല്ല, ഇത് വെനസ്വേലയുടെ സൈന്യം, ഇൻ്റലിജൻസ്, നിയമനിർമ്മാണ സഭ, ജുഡീഷ്യറി എന്നിവയെ അഴിമതിയിൽ മുക്കിയതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വിശദമാക്കുന്നു. ലഹരിക്കടത്തിനായി വെനസ്വേലയെ ഈ സംഘടന സഹായിക്കുന്നുവെന്നാണ് യു.എസ്. ആരോപണങ്ങളിലെ പ്രധാനം. 2020 മുതൽ മഡുറോയും മറ്റ് 14 പേരും കൊളംബിയൻ സംഘങ്ങളുമായി ചേർന്ന് അമേരിക്കയിലേക്ക് വലിയ രീതിയിൽ ലഹരി എത്തിക്കുന്നതായി യു.എസ്. ആരോപിക്കുന്നു.
1990-കളിലാണ് ഈ പേര് ആദ്യമായി കേട്ടുതുടങ്ങിയത്. വെനസ്വേലയിലെ ലഹരി കാർട്ടലുകളുടെ നേതാക്കളെ വിശേഷിപ്പിക്കാൻ വെനസ്വേലൻ മാധ്യമങ്ങളാണ് ഈ പേര് ആദ്യം ഉപയോഗിച്ചത്. മുതിർന്ന സൈനിക പദവിയിലുള്ളവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'സൂര്യൻ്റെ അടയാളമാണ്' ഈ പേരിന് പിന്നിൽ. ഹ്യൂഗോ ഷാവേസ് പ്രസിഡൻ്റ് ആയിരുന്ന 1999 മുതൽ 2013 വരെയുള്ള കാലത്താണ് ഈ സംഘടന വലിയ രീതിയിൽ ശക്തരായതെന്ന് വിദഗ്ധർ പറയുന്നു. സൈനിക ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ മഡുറോക്ക് സാധിക്കാതെ വന്നതോടെ മധ്യനിരയിലെ ഉദ്യോഗസ്ഥർ ലഹരി സംഘങ്ങൾക്ക് അനുകൂല നിലപാടുകൾ സ്വീകരിച്ചതായും വിദഗ്ധർ വിശദീകരിക്കുന്നു.