വാഷിംഗ്ടൺ: നാല് പതിറ്റാണ്ടിലേറെ കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യം വേദമിനെ (64) നാടുകടത്താനുള്ള യു.എസ്. ഇമിഗ്രേഷൻ വകുപ്പിന്റെ നീക്കം കോടതികൾ താൽക്കാലികമായി തടഞ്ഞു. ഇത് സംബന്ധിച്ച് യു.എസ്. കോടതികൾ ഇമിഗ്രേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(US courts block deportation of acquitted Indian-origin man after 43 years in prison)
ഇദ്ദേഹത്തെ, നാടുകടത്തലിനായി നിലവിൽ വിമാനത്താവള സൗകര്യങ്ങളുള്ള ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. സുബ്രഹ്മണ്യത്തിന്റെ കേസ് പുനഃപരിശോധിക്കണോ എന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അപ്പീൽസ് തീരുമാനിക്കുന്നത് വരെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവെക്കാൻ കഴിഞ്ഞ ആഴ്ച ഒരു ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടു. ഈ നടപടിക്ക് മാസങ്ങളെടുക്കും.
ഇതേ ദിവസം തന്നെ പെൻസിൽവാനിയയിലെ ഒരു ജില്ലാ കോടതിയും ഇദ്ദേഹത്തെ നാടുകടത്തുന്നത് തടഞ്ഞു. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് സുബ്രഹ്മണ്യം യു.എസിൽ എത്തുന്നത്. 1982-ൽ സുഹൃത്ത് തോമസ് കിൻസറെ കൊലപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹം അറസ്റ്റിലായി. 1983-ൽ ശിക്ഷിക്കപ്പെട്ട സുബ്രഹ്മണ്യത്തിന് പരോളില്ലാത്ത ജീവപര്യന്തമാണ് ലഭിച്ചത്.
സാഹചര്യത്തെളിവുകൾ മാത്രമാണ് ശിക്ഷയ്ക്ക് ആധാരമായതെന്നും, സാക്ഷികളോ കൊലപാതക കാരണം സംബന്ധിച്ച മറ്റ് തെളിവുകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു.
ദശാബ്ദങ്ങളായി പ്രോസിക്യൂട്ടർമാർ ഒളിച്ചുവെച്ച തെളിവുകൾ സുബ്രഹ്മണ്യത്തിന്റെ അഭിഭാഷകർ കണ്ടെത്തിയതിനെത്തുടർന്ന്, ഓഗസ്റ്റ് മാസത്തിൽ പെൻസിൽവാനിയ കോടതി അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കി. 43 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ശേഷം ഒക്ടോബർ മൂന്നിനാണ് അദ്ദേഹം മോചിതനായത്.
കൊലക്കേസിൽ കുറ്റവിമുക്തനായ ഉടൻ തന്നെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ.) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. കൊലപാതക കേസിലെ ശിക്ഷ റദ്ദാക്കിയെങ്കിലും, നേരത്തെ ലഭിച്ച ചെറിയ മയക്കുമരുന്ന് കേസിലെ ശിക്ഷയുടെ പേരിൽ ഇപ്പോൾ ഐ.സി.ഇ. അദ്ദേഹത്തെ നാടുകടത്താൻ ശ്രമിക്കുകയാണ്.
എന്നാൽ, നാല് പതിറ്റാണ്ടിലേറെ തെറ്റായി തടങ്കലിൽ വെച്ചതിന്, മയക്കുമരുന്ന് കുറ്റത്തേക്കാൾ പ്രാധാന്യം നൽകണമെന്ന് സുബ്രഹ്മണ്യത്തിന്റെ സഹോദരിയും അഭിഭാഷകരും ആവശ്യപ്പെടുന്നു. ജയിലിനുള്ളിൽ വെച്ച് സുബ്രഹ്മണ്യം മൂന്ന് ബിരുദങ്ങൾ നേടുകയും ഒരു അധ്യാപകനാവുകയും നിരവധി തടവുകാർക്ക് ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ പുനഃപരിശോധനാ ഫലങ്ങൾക്കായി സുബ്രഹ്മണ്യത്തിന്റെ കുടുംബം കാത്തിരിക്കുകയാണ്.