വാഷിങ്ടൺ: അനധികൃത കുടിയേറ്റം തടയുന്നതിന് വ്യത്യസ്തങ്ങളായ തന്ത്രങ്ങളുമായി ട്രംപ്. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അമേരിക്കന്‍ പൗരന്മാരെ വ്യാജമായി വിവാഹം കഴിക്കുന്ന കുടിയേറ്റക്കാരെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അനുസരിച്ച് ഇതൊരു ഫെഡറല്‍ കുറ്റകൃത്യമാണ്. പ്രതികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
അമേരിക്കയില്‍ പൗരത്വം നേടാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം വിവാഹമാണ്. യുഎസ് പൗരത്വം നേടുന്നതിനായി വിദേശ പൗരന്മാര്‍ അമേരിക്കന്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്യുന്ന നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. കുടിയേറ്റ നിയമങ്ങളിലെ ഏതെങ്കിലും വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ മനഃപൂര്‍വ്വം വിവാഹം കഴിക്കുന്ന ഒരാള്‍ക്ക് വിവാഹ തട്ടിപ്പ് നിയമത്തിലെ സെക്ഷന്‍ 1325 പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവാഹ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ചോ കുടിയേറ്റം തെറ്റായി മുതലെടുക്കുന്നവരെക്കുറിച്ചോ സൂചനകള്‍ നല്‍കണമെന്നും ഏജന്‍സി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചില സന്ദര്‍ഭങ്ങളില്‍, അമേരിക്കന്‍ പൗരന്മാര്‍ പണത്തിനുവേണ്ടി വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്യുന്നുണ്ട്. ഏതെങ്കിലും വിദേശി ഇത് ചെയ്താല്‍, കോടിക്കണക്കിന് രൂപ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.
അമേരിക്കയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് യുഎസ് ഭരണകൂടം മറ്റൊരു മുന്നറിയിപ്പ് കൂടി നല്‍കിയിട്ടുണ്ട്. കുടിയേറ്റക്കാർ, എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിസ ഉടമകളെ നിരന്തരം പരിശോധിക്കും. ഏതെങ്കിലും വിസ ഉടമ, അമേരിക്കൻ നിയമങ്ങളും ഇമിഗ്രേഷന്‍ നിയമങ്ങളും പാലിക്കുന്നില്ലെങ്കില്‍, അവരുടെ വിസ റദ്ദാക്കി, അവരെ നാടുകടത്തും. അമേരിക്കയില്‍ ജോലി ചെയ്യാനും താമസിക്കാനും വിസ ലഭിച്ചവര്‍ പോലും യുഎസ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരിക്കും.
യുഎസ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.