

കാരക്കാസ്: വെനസ്വേലയിൽ യു.എസ്. സൈനിക നടപടികൾ കടുപ്പിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആറ് പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി. യു.എസ്. ഏവിയേഷൻ റെഗുലേറ്റർ (FAA) യാത്രാവിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നടപടിയെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ശനിയാഴ്ച മുതലാണ് പ്രധാന എയർലൈനുകൾ സർവീസുകൾ റദ്ദാക്കിയത്. വെനസ്വേലയുടെ വ്യോമയാന അസോസിയേഷൻ പ്രസിഡൻ്റ് മരിസേലാ ഡേ ലോയാസായാണ് ഇക്കാര്യം വിശദമാക്കിയത്.(US cancels 6 airlines' services to Venezuela)
സ്പെയിൻ: ഇബേരിയ (Iberia), പോർച്ചുഗൽ: ടാപ് (TAP), ചിലി: ലാറ്റം (LATAM), കൊളംബിയ: അവിയാങ്ക (Avianca), ബ്രസീൽ: ഗോൾ (GOL), ട്രിനിഡാഡ് ആൻഡ് ടുബാഗോ: കരീബിയൻ (Caribbean) എന്നിവയാണിത്. എത്ര കാലത്തേക്കാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിലവിൽ പനാമയുടെ കോപാ എയർലൈൻ, സ്പെയിനിൻ്റെ എയർ യൂറോപ്പ, പ്ലസ് അൾട്രാ, തുർക്കിഷ് എയർലൈൻ, വെനസ്വേലയുടെ ലേസർ എന്നീ എയർലൈനുകളാണ് മേഖലയിലേക്ക് സർവീസുകൾ നടത്തുന്നത്.
വെള്ളിയാഴ്ചയാണ് യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) യാത്രാ വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം മോശമാവുകയാണ്. വെനസ്വേലയ്ക്ക് സമീപം സൈനിക നടപടികൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ഏത് ഉയരത്തിൽ പോവുന്ന വിമാനങ്ങൾക്കും അപകടസാധ്യതയുണ്ട്. വിമാനം ലാൻഡ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും വെനസ്വേലയുടെ വ്യോമപാതയിൽ സഞ്ചരിക്കുമ്പോഴും അപകട സാധ്യത നിലനിൽക്കുന്നു.
യു.എസ്. യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നാവിക സേനാ കപ്പലുകളും ഇതിനോടകം കരീബിയൻ തീരത്ത് ഇടം പിടിച്ചിട്ടുണ്ട്. ലഹരി കാർട്ടലുകൾക്കെതിരെയുള്ള പ്രതിരോധം എന്ന പേരിലാണ് യു.എസ്. സൈനിക വിന്യാസം നടക്കുന്നത്. നിക്കോളാസ് മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള 'നിഴൽ പദ്ധതിയുമായി' അമേരിക്ക നീങ്ങുന്നുവെന്ന ആരോപണം ഇതിനിടെ ശക്തമാവുകയാണ്.
വെനസ്വേലയിലെ കാർട്ടൽ ഓഫ് ദി സൺസ് എന്ന സംഘടനയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ ഉൾപ്പെടെയുള്ള ഉന്നതർ നേതൃത്വം നൽകുന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഘടനയാണിത്. ഈ പ്രഖ്യാപനം അമേരിക്കൻ സൈന്യത്തിനും നിയമ നിർവഹണ ഏജൻസികൾക്കും ഈ സംഘടനയെ ലക്ഷ്യമിടാനും തകർക്കാനും കൂടുതൽ അധികാരങ്ങൾ നൽകുന്ന നടപടിയാണ്. മഡൂറോയുടെ സർക്കാർ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിരുന്നു.