വാഷിംഗ്ടണ്‍: അമേരിക്കയുടെ ആക്രമണം ഇറാന്റെ ആണവനിലയങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എല്ലാ ആണവനിലയങ്ങളിലും നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് പറഞ്ഞത്. ഇതോടെ ഞായറാഴ്ചത്തെ ആക്രണങ്ങളിലെ നാശനഷ്ടങ്ങള്‍ കുറച്ചു കാണാനുള്ള ഇറാന്റെ ശ്രമങ്ങള്‍ തള്ളിയിരിക്കുകയാണ് ട്രംപ്.
കനത്ത സുരക്ഷയുള്ള ഫോര്‍ഡോ ആണവനിലയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മൂന്ന് സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി എന്നതാണ്. ഭൂനിരപ്പില്‍ നിന്നും ഏറ്റവും താഴെയായാണ് വലിയ നാശം സംഭവിച്ചത്. ആക്രമണത്തില്‍ രണ്ട് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായും ആണവനിലയത്തെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നതായും സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, ഇറാന്‍ തങ്ങളുടെ ആണവനിലയത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തിയിട്ടില്ല.
ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ ആണവനിലയത്തിനുള്ള യഥാര്‍ത്ഥ നാശനഷ്ടങ്ങള്‍ അജ്ഞാതമായി തുടരുകയാണെന്നാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞത്.