വാഷിങ്ടൺ : യുഎസിലെ കെന്റക്കി സംസ്ഥാനത്ത് ലൂയിസ്‌വില്ലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ യുണൈറ്റഡ് പാഴ്സൽ സർവിസിന്റെ (UPS - യുപിഎസ്) കാർഗോ വിമാനം തകർന്നു വീണു. അപകടത്തിൽ കുറഞ്ഞത് മൂന്നുപേർ കൊല്ലപ്പെട്ടതായി കെന്റക്കി ഗവർണർ ആൻഡി ബീഷിയർ അറിയിച്ചു.(UPS cargo plane crashes in US, Massive fire, 3 dead)
പ്രാദേശിക സമയം വൈകിട്ട് 5.15-നാണ് (ചൊവ്വാഴ്ച) അപകടം നടന്നത്. യുപിഎസ് കമ്പനിയുടെ MD-11 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ മൂന്ന് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ നിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
വിമാനത്താവളത്തിന് സമീപമുള്ള വ്യാവസായിക മേഖലയിലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ചിറകിൽ തീ പടർന്നതായി ദൃശ്യങ്ങളുണ്ട്.
മൂന്ന് മരണം ഗവർണർ ആൻഡി ബീഷിയർ സ്ഥിരീകരിച്ചു. പതിനൊന്നോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണത് തീവ്രമായ തീപിടിത്തത്തിന് കാരണമായി. വിമാനത്തിൽ വൻതോതിൽ ഇന്ധനമുണ്ടായിരുന്നത് സാഹചര്യം ഗുരുതരമാക്കി.
വിമാനം തകർന്നയുടൻ പ്രദേശത്ത് വലിയ തോതിൽ തീയും കറുത്ത പുകയും ഉയർന്നു. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി സൂചനകളുണ്ട്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.