കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ യുണൈറ്റഡ് പാഴ്സൽ സർവീസ് (UPS) കമ്പനിയുടെ കാർഗോ വിമാനം തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ നാലായി ഉയർന്നു. ലൂയിസ്‌വില്ലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് വിമാനം തകർന്നത്.(UPS cargo plane crashes in US, Massive fire)
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാൾ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.
അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കെന്റക്കി ഗവർണർ ആൻഡി ബേഷിയർ സ്ഥിരീകരിച്ചു. വിമാനത്താവളം ഉൾപ്പെടുന്ന വ്യാവസായിക മേഖലയിലാണ് വിമാനം തകർന്നു വീണത്. അപകടത്തെത്തുടർന്ന് വൻതോതിൽ തീപിടിത്തമുണ്ടായി.
തകർന്നുവീഴുമ്പോൾ വിമാനത്തിൽ ഒരു ലക്ഷം കിലോ ഭാരം വരുന്ന 38,000 ഗാലൺ ഇന്ധനം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണ് തീവ്രമായ തീപിടിത്തത്തിന് കാരണമായത്.
തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മക്‌ഡൊണൽ ഡഗ്ലസ് നിർമ്മിച്ച എം.ഡി. 11 എഫ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ കമ്പനി 1997-ൽ ബോയിങ്ങിൽ ലയിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നാണ് ബോയിങ്ങിന്റെ പ്രതികരണം.
അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചെങ്കിലും ഒരു റൺവേ തുറന്നിട്ടുണ്ട്. ലൂയിസ്‌വില്ലെ നഗരം യുപിഎസ് കമ്പനിയുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രദേശവാസികളായ ഭൂരിഭാഗം കുടുംബങ്ങളിൽ നിന്നുള്ളവരും യുപിഎസ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മെട്രോ കൗൺസിൽവുമൺ ബെറ്റ്സി റുഹെ പ്രതികരിച്ചു.