
കുറ്റകൃത്യങ്ങളുടെ ലോകത്ത് ഇന്നും തെളിയിക്കപ്പെടാത്ത കേസുകൾ നിരവധിയാണ്. ഇരകളെ നിഷ്കരുണം വകവരുത്തിയ ശേഷം ഇരുട്ടിലേക്ക് മറയുന്ന കൊലയാളികൾ. ജാക്ക് ദി റിപ്പേർ, ഡി ബി കുപ്പർ, സോഡിയാക് കില്ലർ എന്നിങ്ങനെ നിയമത്തിന്റെ കണ്ണിൽ, നിന്നും എന്നന്നേക്കുമായി കടന്നു കളഞ്ഞ കുറ്റവാളികൾ ഏറെയാണ്. വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലും കുറ്റവാളികളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ മൂടപ്പെട്ട കുറ്റാന്വേഷണ പരമ്പരകൾ ഏറെയാണ്. കുറ്റവാളിയെ കണ്ടെത്തുവാൻ കഴിയാത്ത കേസുകൾ മാത്രമല്ല കൊല്ലപ്പെട്ടത് ആരാണ് എന്ന് പോലും കണ്ടെത്തുവാൻ കഴിയാത്ത കേസുകളുണ്ട് ഈക്കൂട്ടത്തിൽ. അത്തരത്തിൽ ഇന്നും ഇരയെ തിരിച്ചറിയാൻ കഴിയാത്ത ഒരു കേസുണ്ട്, 40 വർഷങ്ങൾക്ക് ഇപ്പുറവും അനാവൃതമാകാത്ത ഒരു കേസാണ് സെന്റ് ലൂയിസ് ജെയ്ൻ ഡോയുടെ (St. Louis Jane Doe) ദുരൂഹ മരണം. ഇന്നും അമേരിക്കയുടെ ചരിത്രത്തിൽ ചുരുളഴിയാത്ത മരണങ്ങളിൽ ഒന്ന്.
1983 ഫെബ്രുവരി 28, തങ്ങളുടെ തകർന്ന കാർ നന്നാക്കൻ കഴിയുന്ന എന്തെങ്കിലും കിട്ടുമോ എന്ന് അറിയാൻ വേണ്ടി രണ്ടു സുഹൃത്തുക്കൾ മിസ്സോറിയിലെ സെന്റ് ലൂയിസിലെ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ പ്രവേശിക്കുന്നു. തിരച്ചിലിനിടയിൽ ഇരുവരും അപ്പാർട്ട്മെന്റിലെ ബേസ്‌മെന്റിൽ എത്തിച്ചേരുന്നു. അവിടെ അവരെ കാണാതിരുന്നത് ഏറെ ഭയാനകമായ കാഴ്ചയായിരുന്നു. തലയില്ലാത്ത ഒരു ജഡം. അരയ്ക്ക് കിഴ്പ്പോട്ട് നഗ്നമായ ശവശരീരം, ശരീരത്തിന്റെ പകുതിയോളം മാത്രം മറയ്ക്കുന്ന മഞ്ഞ സ്വെറ്റർ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. കൈകൾ ചുവപ്പും വെള്ളയും കലർന്ന നൈലോൺ കയറുകൊണ്ട് പുറകിലേക്ക് ബന്ധിച്ച നിലയിലായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയോ മയക്കുമരുന്നിന് അടിമയോ ആകും എന്നായിരുന്നു സംഭവ സ്ഥലത്ത് എത്തിയ പോലീസിന്റെ പ്രഥമിക നിഗമനം. എന്നാൽ തുടർന്ന് നടത്തിയ പരിശോധനകളിലാണ് പോലീസിനെ പോലും ഞെട്ടിച്ച പല വസ്തുതകളും പുറത്തു വരുന്നത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയോ മയക്കുമരുന്നിന് അടിമയോ ആയിരുന്നില്ല, ഋതുമതിയാകാത്ത എട്ടോ പത്തോ വയസ്സ് മാത്രമുള്ള പെൺകുഞ്ഞായിരുന്നു അത്. പെൺകുട്ടിയുടെ ശവശരീരം കണ്ടുകിട്ടിയ കെട്ടിടത്തിൽ ഉടനീളം പോലീസ് പരിശോധന നടത്തിയെങ്കിലും ഒരു തുള്ളി രക്തക്കറ പോലും അവിടെ നിന്നും കണ്ടെടുക്കാൻ സാധിച്ചില്ല. ശരീരത്തിൽ നിന്നും വെട്ടിമാറ്റിയ തലയും സംഭവസ്ഥലത്ത് നിന്നും കണ്ടുകിട്ടിയില്ല. അതോടെ പെൺകുട്ടിയെ മറ്റെവിടയോ വച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരം അവിടെ കൊണ്ട് ഉപേക്ഷിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കൊലയാളി വളരെ കൃത്യമായി യാതൊരു തെളിവും ആവേശിഷിപ്പിക്കാതെയാണ് കൃത്യം നടത്തിയത്.
തല കണ്ടെടുക്കാൻ കഴിയാത്തത് കേസ് അന്വേഷണത്തിന് വലിയ തിരിച്ചടിയായിരുന്നു. പെൺകുട്ടിയെ കണ്ടുകിട്ടിയ അതെ കാലയളവിൽ തന്നെ കാണാതെപോയ പെൺകുട്ടികളെ കുറിച്ച് അന്വേഷണം നടത്തുന്നു. എന്നാൽ അതിൽ ഒന്നും ഫലം കണ്ടില്ല. അധികം വൈകാതെ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് ആ പെൺകുഞ്ഞ് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നു. വലിയ ബ്ലേഡ് പോലെയുള്ള മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് തല വെട്ടിമാറ്റിയിരിക്കുന്നത്. കുറ്റവാളി ആരാണ് എന്ന് കണ്ടെത്തും മുന്നേ കൊല്ലപ്പെട്ട പെൺകുട്ടിയെ കണ്ടെത്തുവാൻ വേണ്ടി നെട്ടോട്ടമായിരുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും പെൺകുട്ടി ആരാണ് എന്ന് കണ്ടുത്തുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ശവശരീരം കണ്ടുകിട്ടുന്നതിനു അഞ്ചോ നാലോ ദിവസം മുൻപാണ് ആ കുഞ്ഞിനെ കൊലപ്പെടുത്തിയിരിക്കുന്നത്.
പേരോ ഉരോ അറിയാത്ത പെൺകുട്ടിക്ക് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഒരു പേര് നൽകുന്നു. ഹോപ്പ് അഥവാ പ്രത്യാശ, ലിറ്റിൽ ജെയ്ൻ ഡോ എന്നിങ്ങനെ പേരുകൾ നൽകി. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ കുറിച്ച് ഏറെ പ്രത്യാശയോടെയാണ് അന്വേഷണം നടത്തിയത്, എന്നാൽ നിരാശ മാത്രമായിരുന്നു പ്രതിഫലം. പത്ത് മാസങ്ങൾക്ക് ശേഷം, അന്വേഷണ ഉദ്യോഗസ്ഥർക്ക് പുതിയ സൂചനകളൊന്നും ലഭിക്കാതെ വന്നതോടെ, 1983 ഡിസംബർ 2 ന് വാഷിംഗ്ടൺ പാർക്ക് സെമിത്തേരിയിൽ ആ പെൺകുഞ്ഞിന്റെ ശവശരീരം സംസ്കരിക്കുന്നു. കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വെറ്റർ പരിശോധനകൾക്കായി അയച്ചെങ്കിലും പാതിവഴിയിൽ വച്ച് എങ്ങേനെയോ അത് നഷ്ടപ്പെടുന്നു. അതോടെ കേസ് അന്വേഷണം എങ്ങും എത്താതെ പാതി വഴിയിൽ തന്നെ നിലയ്ക്കുന്നു. സാങ്കേതിക വിദ്യ അധികം പുരോഗമിക്കാത്തത് കൊണ്ട് തന്നെ വർഷങ്ങളോളം അന്വേഷണം നീണ്ടു പോയി. എന്നാൽ, ഇരയെക്കുറിച്ച് കൂടുതൽ ഫോറൻസിക് വിവരങ്ങൾ ശേഖരിക്കുന്നതിനായി 2013 ൽ മൃതദേഹം പുറത്തെടുക്കാൻ അധികൃതർ തീരുമാനിച്ചു. എന്നാൽ സെമിത്തേരിയിലെ മറ്റു ശവശരീര അവശിഷ്ടങ്ങളുമായി കലർന്ന അപ്പോഴേക്കും സ്ഥാന മാറ്റം സംഭിച്ചിരുന്നു. ഏറെനാളത്തെ തിരച്ചിലിനൊടുവിൽ ഹോപ്പിന്റെ ശവശരീര അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി.
അങ്ങനെ, ഐസോടോപ്പ് പരിശോധനകൾ നടത്തുന്നു. ഐസോടോപ്പ് പരിശോധനാഫലങ്ങൾ പ്രകാരം പെൺകുട്ടി അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളായ ഫ്ലോറിഡ, ജോർജ്ജിയ, അലബാമ, മിസിസിപ്പി, ലൂയിസിയാന, ആർക്കൻസാസ്, ടെക്സാസ്, ടെന്നസി, ഉത്തര കരോലിന, അല്ലെങ്കിൽ തെക്ക് കരോലിന എന്നിവിടങ്ങളിലാകും ജീവിച്ചിരുന്നത് എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. എന്നാൽ, 40 വർഷം കഴിഞ്ഞിട്ടും, “സെന്റ് ലൂയിസ് ജെയ്ൻ ഡോ” എന്ന പേരിനപ്പുറം ആ കുഞ്ഞിനെ കുറിച്ച് യാതൊന്നും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. കുടുംബവും ജന്മസ്ഥലവും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീകരവും ദുരൂഹവുമായ കേസുകളിൽ ഒന്നായി ഇന്നും ഇത് തുടരുന്നു.