

വാഷിംഗ്‌ടൺ ഡിസി: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസും യൂറോപ്യൻ യൂണിയനും റിപ്പോർട്ട് ചെയ്യുമ്പോഴും, യുക്രെയ്ൻ്റെ (Ukraine) അതിർത്തി പ്രദേശങ്ങൾ വിട്ടുനൽകുന്ന വിഷയത്തിൽ ഇപ്പോഴും ധാരണയായില്ല. അതേസമയം, യുക്രെയ്ന് നാറ്റോ മാതൃകയിലുള്ള സുരക്ഷാ ഉറപ്പുകൾ നൽകാൻ യുഎസ് തയ്യാറാണെന്ന് അറിയിച്ചു.
ബർലിനിൽ നടന്ന ചർച്ചകളിൽ യുക്രെയ്ൻ പ്രസിഡൻ്റ് വോളോദിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിനിധികളാണ് നാറ്റോ ഉടമ്പടിയിലെ ആർട്ടിക്കിൾ 5-ന് സമാനമായ സുരക്ഷാ ഉറപ്പുകൾ നൽകാനുള്ള വാഗ്ദാനം മുന്നോട്ട് വെച്ചത്. നാറ്റോ അംഗമായ ഒരു രാജ്യത്തെ ആക്രമിച്ചാൽ, അത് സഖ്യത്തിലെ എല്ലാവർക്കുമുള്ള ആക്രമണമായി കണക്കാക്കി പ്രതിരോധിക്കണം എന്ന വ്യവസ്ഥയാണ് ആർട്ടിക്കിൾ 5. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി താൻ പലതവണ സംസാരിച്ചുവെന്നും, ഒരു ഒത്തുതീർപ്പ് കരാറിലേക്ക് "മുമ്പെങ്ങുമില്ലാത്തതിനേക്കാൾ അടുത്ത്" ഇപ്പോൾ എത്തിയിട്ടുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
വെടിനിർത്തലിന് സാധ്യതയുണ്ടെന്ന സൂചനകൾ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മേർസ് സ്വാഗതം ചെയ്തു. സുരക്ഷാ ഉറപ്പുകൾ "വ്യക്തവും വിശ്വസനീയവും" ആയി മാറിയെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു. ചർച്ചകളിൽ 90% വിഷയങ്ങളിലും ധാരണയായെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുമ്പോഴും, തർക്കത്തിലുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള അന്തരം നിലനിൽക്കുന്നു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ യുക്രെയ്‌നിന് മേൽ യുഎസ് സമ്മർദ്ദം ചെലുത്തുന്നതായി സൂചനയുണ്ട്. അതിർത്തി പ്രശ്നം "വേദനിപ്പിക്കുന്നതാണ്" എന്ന് വിശേഷിപ്പിച്ച സെലെൻസ്‌കി, ഡോൺബാസിനെ റഷ്യൻ പ്രദേശമായി അംഗീകരിക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സുരക്ഷാ ഉറപ്പുകൾ ലഭിക്കുകയാണെങ്കിൽ നാറ്റോ അംഗത്വമെന്ന ലക്ഷ്യം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് യുക്രെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
The United States has offered NATO-style security guarantees to Ukraine, similar to NATO's Article 5, as U.S. and European negotiators reported progress in talks held in Berlin to end the war with Russia. U.S. President Donald Trump expressed optimism, saying they were "closer now than we've ever been" to a deal. However, major disagreements remain over territorial concessions.