വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ അമേരിക്ക നൽകിയ ഭീമമായ പിന്തുണയ്ക്ക് പകരമായി യുക്രൈൻ നേതൃത്വം യാതൊരു നന്ദിയും കാണിച്ചില്ലെന്ന് ആരോപിച്ച് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ പോസ്റ്റ് ചെയ്ത ദീർഘമായ കുറിപ്പിലൂടെയാണ് ട്രംപ്, യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയെയും ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ചത്.(Ungrateful, Trump lashes out at Ukraine)
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നൽകിയതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ കടുത്ത വിമർശനം എന്നതും ശ്രദ്ധേയമാണ്. യു.എസിലും യുക്രൈനിലും ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും ഉണ്ടാകില്ലായിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ, 'ഉറക്കം തൂങ്ങുന്ന' പ്രസിഡൻ്റ് ജോ ബൈഡൻ അല്ലായിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാകില്ലായിരുന്നു. ബൈഡൻ്റെ ഭരണകാലത്താണ് ദശലക്ഷക്കണക്കിന് ആളുകൾ മരിച്ച ഈ അനാവശ്യ യുദ്ധം തുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.എസിൻ്റെ ബില്യൺ കണക്കിന് ഡോളർ സഹായത്തിന് യുക്രൈൻ 'പൂജ്യം നന്ദി' മാത്രമാണ് കാണിച്ചത്. യൂറോപ്പ് ഇപ്പോഴും റഷ്യയിൽനിന്ന് എണ്ണ വാങ്ങിക്കൊണ്ടിരിക്കുന്നു. ബൈഡൻ ഭരണകൂടം സൗജന്യമായി നൽകിയിരുന്ന ആയുധങ്ങൾ ഇപ്പോൾ അമേരിക്ക, വിവിധ ലോകരാജ്യങ്ങൾക്ക് വലിയ വിലയ്ക്ക് വിൽക്കുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് നവംബർ 27 വരെയാണ് ഡോണൾഡ് ട്രംപ് സമയപരിധി നൽകിയിരിക്കുന്നത്. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും, സൈനിക, സാമ്പത്തിക സഹായം നിർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്രിമിയയും ഡോൺബാസും റഷ്യക്ക് വിട്ടുകൊടുക്കുക, നാറ്റോ അംഗത്വം ഉപേക്ഷിക്കുക തുടങ്ങിയ കടുത്ത വ്യവസ്ഥകൾ അടങ്ങിയ പദ്ധതി അംഗീകരിക്കാതിരിക്കുന്നത് സെലെൻസ്കിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമയപരിധി നീട്ടിനൽകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ട്രംപ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ട്രംപിൻ്റെ 28 ഇന സമാധാന പദ്ധതിയെക്കുറിച്ച് യുക്രൈനും അമേരിക്കയും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിലായിരിക്കും ആദ്യഘട്ട ഉദ്യോഗസ്ഥ ചർച്ചകൾ. ട്രംപിന്റെ പദ്ധതി എത്രയും വേഗം അംഗീകരിക്കാൻ യുക്രൈനുമേൽ അമേരിക്ക സമ്മർദ്ദം തുടരുകയാണ്.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത യൂറോപ്യൻ നേതാക്കൾ ട്രംപിൻ്റെ സമാധാന പദ്ധതിയെക്കുറിച്ച് അനൗപചാരിക ചർച്ചകൾ നടത്തി. സമാധാന പദ്ധതിയിലെ പല നിർദേശങ്ങളോടും യൂറോപ്യൻ നേതാക്കൾക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്. യുക്രൈൻ പ്രസിഡൻ്റ് വ്ളാദിമിർ സെലെൻസ്കി ബ്രിട്ടൻ്റെയും ഫ്രാൻസിൻ്റെയും ജർമ്മനിയുടെയും നേതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേസമയം, ട്രംപിൻ്റെ സമാധാന പദ്ധതിയെ റഷ്യ സ്വാഗതം ചെയ്തിട്ടുണ്ട്.