കിയവ്: ഇറാനിലെ യുഎസ് ആക്രമണത്തെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി. റഷ്യയുടെ യുക്രൈൻ ആക്രമണത്തിന് ഇറാൻ സഹായം നൽകുന്നുണ്ടെന്നും സെലൻസ്‌കി ആരോപിച്ചു.
"യുക്രൈന്റെ ആകാശത്ത് ശാഹിദ് ഡ്രോണുകൾ പറക്കുന്നുണ്ട്. റഷ്യക്ക് എവിടെ നിന്നാണ് ഇത്തരം ആയുധങ്ങൾ ലഭിക്കുന്നത് എന്ന് നമുക്കറിയാം. റഷ്യയെ പിന്തുണക്കാനുള്ള ഇറാന്റെ തീരുമാനം നമ്മുടെ രാജ്യത്തിനും മറ്റു പലർക്കും വിനാശകരമായ നഷ്ടങ്ങൾ വരുത്തിവെച്ചു. ഇത് തീർച്ചയായും അവസാനിപ്പിക്കണം. ആണവായുധങ്ങൾ ഉപയോഗിച്ച് ഇത് ശക്തിപ്പെടുത്താൻ അനുവദിക്കരുത്." - സെലൻസ്‌കി പറഞ്ഞു.
ആധുനിക ലോകത്ത് ആണവായുധങ്ങളുടെ വ്യാപനം ഉണ്ടാകരുതെന്ന് വ്യക്തമായി പറയേണ്ടതുണ്ട്. ഇക്കാര്യത്തിൽ യുഎസിന്റെയും പ്രസിഡന്റ് ട്രംപിന്റെയും ദൃഢനിശ്ചയം ആവശ്യമാണ്. അതേസമയം, നയതന്ത്ര ചർച്ചകൾക്കാണ് കൂടുതൽ പ്രധാന്യം നൽകേണ്ടതെന്നും സെലൻസ്‌കി പറഞ്ഞു. നയതന്ത്രം എല്ലായിടത്തും ഫലപ്രദമാണ്. മിഡിൽ ഈസ്റ്റിലും ഗൾഫ് മേഖലയിലും യുക്രൈനിലും എല്ലാം നയതന്ത്ര നീക്കങ്ങളാണ് കൂടുതൽ നല്ലതെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.