
അലാസ്ക: റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ആഗസ്ത് 15ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്‍റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. കരാറിൽ പ്രവിശ്യ കൈമാറ്റം ഉൾപ്പെട്ടേക്കുമെന്നും ട്രംപ് പറഞ്ഞു.
2021 ജൂണിൽ ജനീവയിൽ വെച്ച് ജോ ബൈഡൻ പുടിനെ സന്ദർശിച്ചതിനുശേഷം യുഎസ്- റഷ്യൻ പ്രസിഡന്‍റുമാർ തമ്മിലുള്ള ആദ്യ ഉച്ചകോടിയായിരിക്കും അലാസ്കയിലേത്. ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിൻ കൂടിയാലോചനകൾ നടത്തിയിരുന്നു.
ഉക്രൈൻ യുദ്ധത്തിൽ 10-12 ദിവസത്തിനുള്ളിൽ സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുന്ന റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ നിലപാടിനെ വിമര്ശിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ അന്ത്യശാസനം. 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.