അബുദാബി: റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ നടക്കുന്ന നിർണ്ണായക ചർച്ചകൾ രണ്ടാം ദിവസവും തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.(Ukraine-Russia war, Peace talks continue in Abu Dhabi)
ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്. കിഴക്കൻ ഡോൺബാസ് മേഖലയുടെ പൂർണ്ണ നിയന്ത്രണം തങ്ങൾക്ക് വേണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. നിലവിൽ ഈ മേഖലയുടെ ഒരു ഭാഗം യുക്രെയ്ന്റെ നിയന്ത്രണത്തിലാണ്.
അധിനിവേശത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യൻ കടന്നുകയറ്റം തുടർന്നാൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷാ ഉറപ്പുകൾ തേടാനാണ് യുക്രെയ്ന്റെ തീരുമാനം.
സമാധാന ശ്രമങ്ങൾ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ പ്രതികരിച്ചു. സംഘർഷം ലഘൂകരിച്ച് മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.